thenmala
സഞ്ചാരയോഗ്യമായ പാത

തെന്മല : വെള്ളിമല, വാഴവിള, തോണിച്ചാൽ ആനപ്പെട്ടകോങ്കൽ, റോഡ് നവീകരിച്ച് സഞ്ചാരയോഗ്യമാക്കണമെന്ന ആവശ്യം ശക്തമാകുന്നു. പാത സഞ്ചാരയോഗ്യമല്ലാതായിട്ട് ഒരു പതിറ്റാണ്ട് പിന്നിട്ടിട്ടും അധികൃതർക്ക് അനക്കമില്ല. ഇതോടെ റോഡ് റീ ടാറിംഗ് നടത്തണമെന്ന ആവശ്യം ഉന്നയിച്ച് പാതയുടെ ഇരുവശങ്ങളിലും ബാനറുകൾ സ്ഥാപിച്ചും സാമൂഹ്യ മാദ്ധ്യമങ്ങളിൽ കൂടിയും നാട്ടുകാർ പ്രതിക്ഷേധം ശക്തമാക്കുകയാണ്.

ബസ് സർവീസുകളും നിറുത്തി
കഴിഞ്ഞ ദിവസം ഇടമൺ വില്ലേജ് ഓഫീസ് ഉദ്ഘാടനത്തിന് എത്തിയ മന്ത്രിക്ക് റോഡ് പുതുക്കി പണിയണമെന്നാവശ്യപ്പെട്ട് പ്രദേശത്തെ ഓട്ടോറിക്ഷാ തൊഴിലാളികൾ നിവേദനം നൽകിയിരുന്നു. മുൻപ് ദിനംപ്രതി അഞ്ചോളം ബസ് സർവീസുകൾ ഉണ്ടായിരുന്ന പാതയിൽ ഇപ്പോൾ റോഡ് ഗതാഗതയോഗ്യമല്ലെന്ന കാരണത്താൽ 5 വർഷമായി ബസ് സർവീസുകളും നിറുത്തിവെച്ചിരിക്കുകയാണ്. ഒരു പതിറ്റാണ്ടായി യാതൊരു നവീകരണ പ്രവർത്തനവും നടത്തിയിട്ടില്ലാത്ത റോഡിൽ ജനങ്ങൾ ഓട്ടോറിക്ഷയെ ആണ് ഇപ്പോൾ ആശ്രയിക്കുന്നത്. ഏകദേശം എട്ട് കിലോമീറ്ററോളം ദൂരമുള്ള വനമേഖലകൾ കൂടി ഉൾപ്പെട്ട പാതയിൽ റോഡിലെ വലിയ കുഴികളും ഇളകിക്കിടക്കുന്ന മെറ്റലുകളും യാത്ര ദുരിതപൂർണമാക്കുന്നു. കൂടാതെ
ഈ റോഡിലൂടെ ഓട്ടോ റിക്ഷ ഓടിക്കുമ്പോൾ വാഹനത്തിനടക്കം കെടുപാടുകൾ സംഭവിക്കുന്നതായും തൊഴിലാളികൾ പറയുന്നു.

അപകടഭീഷണിയായി മെറ്റൽക്കൂന

ഏകദേശം അറുന്നൂറോളം കുടുംബങ്ങളുടെ ഏക ആശ്രയമായ ഈ റോഡിന്റെ ശോചനീയാവസ്ഥ മൂലം അടിയന്തരസാഹചര്യങ്ങളിൽ ആശുപത്രികളിൽ പോകുവാൻ പോലും ജനങ്ങൾ ബുദ്ധിമുട്ടുകയാണ്. മാത്രമല്ല റോഡ് നവീകരണത്തിനെന്ന പേരിൽ മൂന്നു വർഷങ്ങൾക്ക് മുൻപ് പാതയോരത്ത് ഇറക്കിയിട്ട മെറ്റൽ കൂനകൾ റോഡിൽ ചിന്നിച്ചിതറി കിടക്കുകയാണ്. ഇത് ഇരുചക്രവാഹന യാത്രികർക്കടക്കം അപകടഭീഷണിയുയർത്തുകയാണ്. ഇതോടെ പാത എത്രയും വേഗം സഞ്ചാരയോഗ്യമാക്കണമെന്നും അല്ലാത്തപക്ഷം സമരപരിപാടികളുമായി മുന്നോട്ട് പോകുമെന്നും പ്രദേശവാസികൾ പറയുന്നു.