കൊല്ലം: നീണ്ടകര മദർഹുഡ് ചാരിറ്റി മിഷൻ സെന്ററിൽ കൊല്ലം ചിൽഡ്രൻസ് ഹോമിലെ കുട്ടികൾക്കായി സൗജന്യ തൊഴിൽ പരിശീലന പദ്ധതി ആരംഭിച്ചു. 16 വയസിന് മുകളിൽ പ്രായമുള്ള 20 കുട്ടികൾക്കാണ് അലൂമിനിയം ഫ്രാബ്രിക്കേഷൻ, ബേസിക് കമ്പ്യൂട്ടർ കോഴ്സ് മുതലായവയിൽ പരിശീലനം നൽകുന്നത്. കേന്ദ്ര നൈപുണ്യ വികസന മന്ത്രാലയത്തിന്റെ ജൻശിക്ഷൺ സൻസ്ഥാൻ പദ്ധതി പ്രകാരമാണ് പരിശീലന പരിപാടി സംഘടിപ്പിക്കുന്നത്.
വനിതാ -ശിശു വികസന വകുപ്പ് ജില്ലാ ഓഫീസർ ഗീതാകുമാരി, സാമൂഹിക നീതി വകുപ്പ് ജില്ലാ ഓഫീസർ സിജുബെൻ എന്നിവർ ചേർന്ന് ഉദ്‌ഘാടനം ചെയ്തു. ജുവനൈൽ ജസ്റ്റിസ് ബോർഡ് അംഗം സനിൽ വെള്ളിമൺ അദ്ധ്യക്ഷത വഹിച്ചു. ഡോ.നടയ്ക്കൽ ശശി മുഖ്യപ്രഭാക്ഷണം നടത്തി. മദർഹുഡ് രക്ഷാധികാരി ഡി. ശ്രീകുമാർ, ചിൽഡ്രൻസ് ഹോം സൂപ്രണ്ട് പി. ബിജി, നീണ്ടകര ഗ്രാമപഞ്ചായത്ത് അംഗം ഹെലൻ രാജൻ, ജെ.എസ്.എസ് കോ ഓർഡിനേറ്റർ ഉഷാ റാണി എന്നിവർ സംസാരിച്ചു.
സെന്ററിൽ കൊവിഡ് പശ്ചാത്തലത്തിൽ നിറുത്തിവച്ചിരുന്ന തയ്യൽ, ബ്യൂട്ടീഷൻ, കമ്പ്യൂട്ടർ, യോഗ ക്ലാസുകൾ പുനരാരംഭിച്ചതായും അധികൃതർ അറിയിച്ചു.