bike

 വാഹന മോഷണവും വാഹനത്തിൽ കറങ്ങി കവർച്ചയും

ചാത്തന്നൂർ: ഇരുചക്ര വാഹനങ്ങളുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങൾ മുൻപില്ലാത്ത വിധം പെരുകുന്നു. ചാത്തന്നൂർ പാരിപ്പളളി, കണ്ണനല്ലൂർ, കൊട്ടിയം ഭാഗങ്ങൾ കേന്ദ്രീകരിച്ച് വാഹന മോഷണവും മോഷ്ടിച്ച വാഹനത്തിലെത്തിയുള്ള കവർച്ചയും പിടിച്ചുപറിയും ദിനംപ്രതി വർദ്ധിക്കുകയാണ്. മോഷണ വാഹനങ്ങൾ മറുകച്ചവടം നടത്തുന്ന സംഘവും ഇവിടങ്ങളിൽ സജീവമാണ്. എന്നാൽ മോഷ്ടാക്കളെ പിടികൂടി വാഹനം കണ്ടെടുത്താലും മറുകച്ചവടക്കാർക്കെതിരെ പൊലീസ് നടപടി സ്വീകരിക്കുന്നില്ലെന്ന് ആക്ഷേപമുണ്ട്.

ചാത്തന്നൂർ മുതൽ കാരംകോട് വരെ സ്കൂട്ടറിൽ പിന്തുടർന്ന സംഘമാണ് കഴിഞ്ഞ ആഴ്ച്ച മുൻ ബ്ലോക്ക് പഞ്ചായത്ത് അംഗത്തിന്റെ ബാഗ് കവർന്നത്. മോഷ്ടാക്കൾ സഞ്ചരിച്ചിരുന്ന സ്കൂട്ടർ പോലും ഇതുവരെ തിരിച്ചറിയാനോ കണ്ടെത്താനോ കഴിഞ്ഞിട്ടില്ല.

പാരിപ്പള്ളിയിൽ ഒരേ വർക്ക് ഷോപ്പിൽ നിന്നാണ് രണ്ട് ദിവസമായി രണ്ട് ബൈക്കുകൾ മോഷ്ടിക്കപ്പെട്ടത്. ഉടമയുടെ ഭാഗ്യം കൊണ്ട് മാത്രമാണ് ഇതിലൊരു ബൈക്ക് തിരിച്ചുകിട്ടിയതും രണ്ടാമത്തെ ബൈക്ക് കണ്ടെത്താനായതും. രണ്ട് ബൈക്കുകളും വാങ്ങി മറുകച്ചവടം നടത്തിയവരെ കേസിൽ നിന്ന് ഒഴിവാക്കിയതായി ആരോപണമുണ്ട്. രേഖകൾ ഇല്ലാത്ത ബൈക്കുകൾ വാങ്ങിയതിന് പോലും ഇവർക്കെതിരെ കേസെടുക്കാൻ പൊലീസ് കൂട്ടാക്കിയില്ല.

 നമ്പർ പ്ളേറ്റ് ഇല്ലാത്തവയും ഒടിച്ചവയും
കുറ്റകൃത്യങ്ങളിൽ പിടിക്കപ്പെടുന്ന ന്യൂജെൻ ഇരുചക്ര വാഹനങ്ങളിൽ പലതിലും നമ്പർ പ്ലേറ്റ് ഇളക്കി മാറ്റിയ നിലയിലാണ്. രജിസ്റ്റർ നമ്പർ അപൂർണമായ വിധം നമ്പർ പ്ലേറ്റ് ഭാഗികമായി ഒടിച്ചുമാറ്റിയവയും നിരത്തിലുണ്ട്. പിടിക്കപ്പെട്ടാൽ നമ്പർ പ്ലേറ്റ് ഘടിപ്പിക്കാൻ പോകുകയാണെന്ന് പറയുന്നതോടെ പൊലീസ് വിട്ടയയ്ക്കുകയും ചെയ്യും.

 അമിതവേഗതയിൽ അജ്ഞാത ബൈക്ക്

ചാത്തന്നൂർ ഭാഗത്ത് ഇടയ്ക്കിടെ മാത്രം നമ്പർ പ്ലേറ്റ് വച്ച് ഓടുന്ന ഒരു ബൈക്കിനെ സംബന്ധിച്ച് സ്ഥലത്തെ റസിഡന്റ്സ് അസോസിയേഷൻ ഭാരവാഹികൾ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. രാത്രി പന്ത്രണ്ട് മണിക്ക് ശേഷം പുലർച്ചെ നാല് വരെ ഈ ബൈക്ക് അമിതവേഗതയിൽ പ്രദേശത്ത് സഞ്ചരിക്കുന്നതായി സ്ഥലവാസികൾ പറയുന്നു. പകൽ സമയം ഈ ബൈക്ക് സൂക്ഷിക്കുന്ന രഹസ്യകേന്ദ്രത്തെക്കുറിച്ച് വിവരം ലഭിച്ചിട്ടും പിടിച്ചെടുക്കാൻ പൊലീസിന് കഴിഞ്ഞിട്ടില്ല.