കൊല്ലം: ബൈപ്പാസിൽ ടോൾ പിരിക്കാനുള്ള കേന്ദ്ര സർക്കാർ തീരുമാനം ഉടൻ പിൻവലിക്കണമെന്ന് സി.പി.ഐ ദേശീയ സമിതി അംഗം ജെ. ചിഞ്ചുറാണി പറഞ്ഞു. കുരീപ്പുഴ ടോൾ പ്ലാസയിൽ സി.പി.ഐ അഞ്ചാലുംമൂട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച സായാഹ്ന ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ. ജനങ്ങൾക്ക് മേലുള്ള ഇരുട്ടടിയാണ് കേന്ദ്ര സർക്കാർ തീരുമാനം. സാധാരണക്കാരുടെ സ്വാതന്ത്ര്യത്തിൽ ചുങ്കം ചുമത്തുന്ന തീരുമാനം പിൻവലിച്ചില്ലെങ്കിൽ ശക്തമായ സമരം സംഘടിപ്പിക്കുമെന്നും ചിഞ്ചുറാണി പറഞ്ഞു.
സി.പി.ഐ അഞ്ചാലുംമൂട് മണ്ഡലം സെക്രട്ടറി ഡി. സുകേശൻ അദ്ധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി മേയർ കൊല്ലം മധു, എ.ഐ.ടി.യു.സി സംസ്ഥാന പ്രസിഡന്റ് ജെ. ഉദയഭാനു, സി.പി.ഐ സംസ്ഥാന കമ്മിറ്റി അംഗം ആർ. വിജയകുമാർ, ഡി. രാമചന്ദ്രൻപള്ള, എൻ. ഗോപാലകൃഷ്ണൻ, എ. ഹസൻ കുഞ്ഞ്, ബി. മോഹൻദാസ്, പി. വിജയൻപിള്ള, അബ്ദുൽ ഹാദി, ഇ.വി. സജീവ് കുമാർ, ഉഷാകുമാരി തുടങ്ങിയവർ സംസാരിച്ചു.