c
തൊഴിലുറപ്പ് തൊഴിലാളികൾ തഴവ അഞ്ചാം വാർഡിൽ നിർമ്മിച്ച കുളം

തഴവ: തഴവ ഗ്രാമ പഞ്ചായത്ത് അഞ്ചാം വാർഡിലെ തൊഴിലുറപ്പ് പ്രവർത്തകരുടെ അദ്ധ്വാനവും ആത്മവിശ്വാസവും നാടിന് മാതൃകയാകുന്നു. ഗ്രാവലും ചെളിയും കലർന്ന ഉറപ്പുള്ള മണ്ണിൽ മത്സ്യകൃഷിക്കായി കുളം വെട്ടി നൽകിയാണ് പെൺകരുത്ത് മാതൃകയായത്. കൃഷിക്ക് വേണ്ടി മേൽമണ്ണ് കിളയ്ക്കുന്നത് പോലും ഇവിടെ ദുഷ്കരമാണ്. തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി പാവുമ്പ കണ്ണംചാൽ പുഞ്ചയ്ക്ക് സമീപം പതിനഞ്ച് മീറ്റർ നീളത്തിലും വീതിയിലും അഞ്ച് മീറ്റർ താഴ്ചയുള്ള കുളമാണ് ഇവർ വെട്ടി നൽകിയത്. ഏകദേശം അൻപതോളംം തൊഴിലാളികൾ ഒരാഴ്ചകൊണ്ട് പൂർത്തീകരിച്ച കുളം ഒരു നിർദ്ധന കുടുംബത്തിന് മത്സ്യക്കൃഷിക്കായി വിട്ട് നൽകി.

കൂടുതൽ പേർക്ക് കുളംനിർമ്മിച്ച് നൽകും

'ഒരു കുളം ഒരു കുടുംബത്തിന് ഉപ ജീവനമാർഗം' എന്ന ആശയം ഉയർത്തിപ്പിടിച്ചാണ് അഞ്ചാം വാർഡ് തൊഴിലുറപ്പ് തൊഴിലാളികൾ ഇവർക്ക് കുളം നിർമ്മിച്ച് നൽകാൻ തയ്യാറായത്. തുടക്കത്തിൽ പ്രദേശവാസികളിൽ പലരും നിരുത്സാസാഹപ്പെടുത്തിയെങ്കിലും പദ്ധതി വിജയകരമായതോടെ നിരവധിയാളുകൾ ഈ ആവശ്യമുന്നയിച്ച് എത്തുന്നുണ്ട്. ഇതിനകം മൂന്ന് കുളം വെട്ടി നൽകുന്നതിന് പ്രവർത്തനാനുമതി ലഭിച്ചിട്ടുണ്ട്. അധികൃതരുടെ സഹായത്തോടെ കൂടുതൽ പേർക്ക് കുളംനിർമ്മിക്കാനുള്ള നീക്കത്തിലാണ് തൊഴിലാളികൾ.

മത്സ്യ കൃഷി

ഒരു മീറ്റർ വീതം ഉയരമുള്ള മൂന്ന് പടവുകളായി മുകൾഭാഗം തിരിച്ച ശേഷമാണ് രണ്ട് മീറ്റർ താഴ്ചയിൽ മത്സ്യ കൃഷിക്ക് കുളത്തിൽ സൗകര്യം ഒരുക്കിയിരിക്കുന്നത്. പടവുകളിൽ കയർ ഭൂവസ്ത്രം വിരിച്ച് മണ്ണിടിച്ചിൽ സാദ്ധ്യത പൂർണമായും ഒഴിവാക്കിയിട്ടുണ്ട്.

തൊഴിലുറപ്പ് തൊഴിലാളികളുടെ ഇത്തരം പ്രവർത്തനങ്ങൾക്ക് നിയമാനുസൃതമായ പരമാവധി സഹായം ഗ്രാമ പ‌ഞ്ചായത്ത് ലഭ്യമാക്കും

ജനചന്ദ്രൻ, തഴവ ഗ്രാമ പഞ്ചായത്ത് സെക്രട്ടറി