കൊല്ലം: മുളങ്കാടകം ദേവീ ക്ഷേത്രത്തിൽ കവർച്ച നടത്തിയ പതിനേഴുകാരനെ പൊലീസ് പിടികൂടി. ചവറ സ്വദേശിയാണ്. സിറ്റി പൊലീസ് കമ്മിഷണറുടെ കീഴിലുള്ള ഡാൻസാഫ് ടീമാണ് കുട്ടിക്കള്ളനെ പിടികൂടിയത്. 27ന് പുലർച്ചെയാണ് മുളങ്കാടകം ദേവീക്ഷേത്രത്തിലെ ശ്രീകോവിലിനുള്ളിൽ ഇറങ്ങി കാണിക്കവഞ്ചി തുറന്ന് പണം അപഹരിച്ചത്. ക്ഷേത്രത്തിലെ മറ്റൊരു വഞ്ചിയും തകർത്ത് പണം അപഹരിച്ചിരുന്നു. മോഷ്ടാവ് വന്ന സൈക്കിൾ ക്ഷേത്രത്തിൽ നിന്ന് പൊലീസ് കണ്ടെടുത്തു. ക്ഷേത്രത്തിലെ സി.സി ടി.വിയിൽ നിന്ന് ദൃശ്യങ്ങൾ ലഭിച്ചിരുന്നെങ്കിലും ആളെ വ്യക്തമായിരുന്നില്ല. സൈക്കിൾ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിലാണ് പ്രതി കുടുങ്ങിയത്. ചോദ്യം ചെയ്യലിൽ ഈ മാസം 4ന് ഇതേ ക്ഷേത്രത്തിൽ നടന്ന മോഷണവും താനാണ് ചെയ്തതെന്ന് പ്രതി സമ്മതിച്ചു. മറ്റ് ക്ഷേത്ര കവർച്ചകളിലും ഇയാൾ ഉൾപ്പെട്ടിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു.