supreme-court

ന്യൂഡൽഹി: പോക്സോ കേസുകളിൽ തുടർ‌ച്ചയായി വിവാദ വിധി പ്രസ്താവം നടത്തി വിമർശനവിധേയയായ മുംബൈ ഹൈക്കോടതി ജഡ്ജി പുഷ്പ ഗണേഡിവാലയെ സ്ഥിരപ്പെടുത്താനുള്ള കൊളീജിയം ശുപാർശ പിൻവലിക്കാൻ തീരുമാനം. ഇതോടെ ഹൈക്കോടതി ജഡ്ജിയെന്ന പദവിയിൽ നിന്ന് പുഷ്പ ഗണേഡിവാല പുറത്താകുമെന്ന് ഉറപ്പായി. നാഗ്പൂർ ബെഞ്ചിലെ അഡിഷണൽ ജഡ‌്ജിയായി പുഷ്പ ഗണേധിവാല രണ്ട് വർഷം പൂർത്തിയാക്കിയതിന് പിന്നാലെയാണ് ഇദ്ദേഹത്തെ സ്ഥിരം ജഡ്ജിയാക്കാൻ കൊളീജിയം ശുപാർശ ചെയ്തത്. രണ്ട് വർഷം പൂർത്തിയാക്കിയ സാഹചര്യത്തിൽ സ്ഥിരം ജഡ്ജാക്കാനുള്ള ശുപാർശ കൊളീജിയം നൽകിയിരുന്നു.

പ്രതികളെ ന്യായീകരിക്കാൻ വിചിത്ര വാദങ്ങളുയർത്തി വിവാദങ്ങളിൽ നിറഞ്ഞതോടെയാണ് ശുപാർശ പിൻവലിക്കാൻ കൊളീജിയം തീരുമാനിച്ചത്. കുട്ടികൾക്കെതിരായ ലൈംഗികാതിക്രമക്കേസുകളിൽ തുടർച്ചയായി വിവാദ ഉത്തരവുകളാണ് ജഡ്ജി പുറപ്പെടുവിച്ചത്. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കയറിപ്പിടിച്ചാലും വസ്ത്രമഴിച്ചില്ലെങ്കിൽ പോക്സോ ചുമത്താനാകില്ലെന്ന വിധിയാണ് ആദ്യം വിവാദമായത്. പിന്നീട് സുപ്രീംകോടതി ഈ വിധി സ്റ്റേ ചെയ്തു. കയ്യിൽ പിടിച്ച് പാന്റ് അഴിച്ചാലും പീഡനമാവില്ലെന്ന വിധി അടുത്ത വിവാദമായി. പീഡിപ്പിക്കപ്പെട്ട കുട്ടിയുടെ മൊഴി പൂർണമായി വിശ്വാസയോഗ്യമല്ലെന്ന നിരീക്ഷണവും വിമർശിക്കപ്പെട്ടിരുന്നു ശരീരത്തിൽ കയറിപ്പിടിച്ചാലും പോക്സോ ചുമത്താനാകില്ലെന്ന വിധിക്കെതിരെ മഹാരാഷ്ട്ര സർക്കാർ സുപ്രീംകോടതിയെ സമീപിക്കാൻ തീരുമാനിച്ചിരിക്കെയാണ് കൊളീജിയത്തിന്റെ തീരുമാനം

പുഷ്പാ ഗണേഡിവാലയുടെ വിവാദ പോക്സോ വിധിക്കെതിരെ മഹാരാഷ്ട്രാ സർക്കാരിന്റെ തീരുമാനപ്രകാരം അഡ്വ.ജനറൽ അശുതോഷ് കുംഭകോണി അപ്പീൽ ഇന്ന് ഫയൽ ചെയ്യും. ചർമ്മത്തിൽ തൊടാതെ ഒരു കുട്ടിയുടെ ദേഹത്ത് മോശം രീതിയിൽ സ്പർശിച്ചാൽ അത് ലൈംഗികപീഡനമാകില്ലെന്ന ഞെട്ടിക്കുന്ന പരാമർശമാണ് കഴിഞ്ഞദിവസം പുഷ്പാ ഗണേഡിവാല നടത്തിയത്. 31 വയസ്സായ ഒരാൾ 12 വയസ്സുള്ള ഒരു കുട്ടിയുടെ ഷാൾ മാറ്റി മാറിടത്തിൽ കയറിപ്പിടിച്ച കേസ് പരിഗണിക്കവെയായിരുന്നു ഞെട്ടിക്കുന്ന ഈ പരാമർശം. പരാമർശം നടത്തിയതിന് പുറമേ പോക്സോ ചുമത്താതെ ലൈംഗികാതിക്രമമെന്ന താരതമ്യേന കുറഞ്ഞ വകുപ്പ് ചുമത്തി ഒരു വർഷത്തെ തടവുശിക്ഷയ്ക്ക് വിധിക്കുകയും ചെയ്തു. ഇതേ കേസിൽ പോക്സോ ചുമത്തിയിരുന്നെങ്കിൽ പ്രതിക്ക് കുറഞ്ഞത് 3 വർഷത്തെ തടവുശിക്ഷയ്ക്ക് സാദ്ധ്യതയുണ്ടായിരുന്നതാണ്. പേരയ്ക്ക തരാമെന്ന് പറഞ്ഞ് വീട്ടിലേക്ക് വിളിച്ച് വരുത്തി പെൺകുട്ടിയുടെ മാറിടത്തിൽ പിടിച്ചതാണ് കേസ്. പെൺകുട്ടി അമ്മയോട് വിവരങ്ങൾ പറഞ്ഞതോടെയാണ് പ്രതിയെ അറസ്റ്റ് ചെയ്യാനായത്. ശിക്ഷ അനുഭവിക്കുന്നതിനിടെയാണ് പ്രതി മുംബൈ ഹൈക്കോടതിയുടെ നാഗ്പൂർ ബഞ്ചിനെ സമീപിച്ചത്. കേസ് പരിഗണിച്ച കോടതി ഈ സംഭവത്തിൽ പോക്സോ കേസ് നിലനിൽക്കില്ലെന്ന വിചിത്രമായ പരാമർശമാണ് നടത്തിയത്. പോക്സോ ചുമത്തണമെങ്കിൽ പ്രതി വസ്ത്രത്തിനുള്ളിലൂടെ സ്പപർശിക്കണമായിരുന്നു. പ്രതി മാറിടത്തിൽ പിടിച്ചെന്ന് പറയുന്നത് വസ്ത്രത്തിന് പുറത്ത് കൂടിയാണ്. ഇത് ലൈംഗികാതിക്രമമല്ലെന്നായിരുന്നു നിരീക്ഷണം. ശരീരത്തിൽ നേരിട്ട് സ്പർശിക്കാത്ത പക്ഷം സ്ത്രീത്വത്തെ അപമാനിച്ചെന്ന വകുപ്പ് മാത്രം ചുമത്താം. പെൺകുട്ടിയുടെ രഹസ്യഭാഗങ്ങളിൽ വസ്ത്രത്തിന്റെ മറയില്ലാതെ തൊടുകയോ പ്രതിയുടെ ലൈംഗികാവയവത്തിൽ തൊടുവിക്കുകയോ ചെയ്താൽ മാത്രമേ പോക്സോ ചുമത്താനാകൂവെന്നാണ് വകുപ്പിന്റെ നിർവചനത്തെ ജ‌ഡ്ജി വ്യാഖ്യാനിച്ചത്. ബസിലും ആൾത്തിരക്കുള്ള ഇടങ്ങളിലും അതിക്രമങ്ങൾക്ക് വിധേയരാകുന്ന പെൺകുട്ടികളുള്ള രാജ്യത്താണ് കോടതിയുടെ ഈ വിധിയെന്നത് സമൂഹമനസാക്ഷിയെ ഞെട്ടിക്കുകയും സമൂഹമാദ്ധ്യമങ്ങളിലുൾപ്പെടെ രൂക്ഷവിമർശനത്തിനും വിധേയമായിരുന്നു.