roa
കൊല്ലം-തിരുമംഗലം ദേശിയ പാത കടന്ന് പോകുന്ന തെന്മല 13കണ്ണറ പാലത്തോട് ചേർന്ന വീതി കുറഞ്ഞ പാതയോരം.

പുനലൂർ: കൊല്ലം-തിരുമംഗലം ദേശീയ പാതയോരത്ത് പാർശ്വ ഭിത്തികൾ നിർമ്മിക്കാത്തത് അപകടങ്ങൾക്ക് വഴിയൊരുക്കുന്നു. പുനലൂർ മുതൽ കോട്ടവാസൽ വരെയുളള പാതയോരങ്ങളിലാണ് പുതിയ പാർശ്വ ഭിത്തികൾ നിർമ്മിക്കാൻ അധികൃതർ തയ്യാറാകാത്തത്. കൊടും വളവും കുത്തിറക്കവുമുള്ള പാതയിലെ ചില സ്ഥലങ്ങളിൽ പുതിയ സംരക്ഷണ ഭിത്തി പണിതെങ്കിലും കൂടുതൽ അപകടങ്ങൾ സംഭവിക്കാൻ സാദ്ധ്യതയുള്ള പാതയോരങ്ങളിൽ സംരക്ഷണ ഭിത്തി നിർമ്മിക്കാൻ അധികൃതർ തയ്യാറാകുന്നില്ലെന്ന് പ്രദേശവാസികൾ പറഞ്ഞു.

ക്രാഷ്ബാരിയറും വേണം

പാതയോരത്തെ കൊക്കയോട് ചേർന്ന ഭാഗത്ത് ക്രാഷ്ബാരിയറിന്റെ ഇരുമ്പ് കാലുകൾ കുഴിച്ചിട്ടിട്ടുണ്ടെങ്കിലും വാഹനങ്ങൾ തട്ടുമ്പോൾ അത് ഇളകി മാറുന്നത് പതിവ് സംഭവമാണ്. ഇവിടെ പുതിയ സംരക്ഷണ ഭിത്തി നിർമ്മിച്ച ശേഷം ക്രാഷ്ബാരിയർ അതിന് മുകളിൽ സ്ഥാപിച്ചാൽ അപകഭീഷണി ഒഴിവാക്കാൻ കഴിയും. വാളക്കോട്, കലയനാട്, പ്ലോച്ചേരി, ക്ഷേത്രഗിരി, കമ്പിനിക്കട, ഇടമൺ 34-പവർഹൗസ് ജംഗ്ഷൻ, ഉറുകുന്ന്, ഒറ്റക്കൽ, തെന്മല 40-ാംമൈൽ, തെന്മല 13കണ്ണറ, കഴുതുരുട്ടി, ഇടപ്പാളയം, മുരുൻ പാഞ്ചാലി,ആര്യങ്കാവ് ,കോട്ടവാസൽ തുടങ്ങിയ സ്ഥലങ്ങളിലാണ് കോൺക്രീറ്റ് ചെയ്ത സംരക്ഷണ ഭിത്തി പണിയേണ്ടയത്.

റോഡിന്റെ വീതി വർദ്ധിപ്പിക്കണം

മൂന്ന് മാസം മുമ്പ് 33കോടി രൂപ ചെലവഴിച്ച് പുനലൂർ മുതൽ കോട്ടവാസൽ വരെയുളള റോഡ് റീ ടാറിംഗ് നടത്തിയെങ്കിലും തെന്മല എം.എസ്.എൽ ഉൾപ്പടെ ചില സ്ഥലങ്ങളിലെ പാതയോരത്ത് മാത്രമാണ് പുതിയ സംരക്ഷണ ഭിത്തി നിർമ്മിച്ചത്.ഉറുകുന്ന് മുതൽ അതിർത്തിയിലെ കോട്ടവാസൽ വരെ വന മേഖലകളിലൂടെ കടന്ന് പോകുന്ന പാതയിൽ കൊടും വളവും കുത്തിറക്കവുമാണ് ഏറെയും. അതിന്റെ ഒരു വശത്ത് കൂടിയാണ് കല്ലടയാറും കഴുതുരുട്ടി ആറും കടന്ന് പോകുന്നത്. ആറ്റ് തീരത്ത് കൂടി കടന്ന് പോകുന്ന പാതയോരത്ത് പല ഭാഗങ്ങളിലും കാലപ്പഴക്കം ചെന്ന സംരക്ഷണ ഭിത്തിയാണുള്ളത്.ഇതിൽ ഏറെയും തകർന്ന് പോയിട്ട് വർഷങ്ങൾ പിന്നിടുകയാണ്.ഇവിടെ കോൺക്രീറ്റ് ചെയ്ത സംരക്ഷണ ഭിത്തി പണിതാൽ അപകടങ്ങൾ ഒരു പരിധി വരെ ഒഴിവാക്കാൻ കഴിയും. പ്ലാച്ചേരിയിൽ അഞ്ച് വർഷം മുമ്പ് പെയ്ത കനത്ത മഴയിൽ പാതയോരം ഇടിഞ്ഞു പോയെങ്കിലും സംരക്ഷണ ഭിത്തി പുനർ നിർമ്മിക്കാൻ ബന്ധപ്പെട്ടവർ തയ്യാറാകാത്തതിൽ പ്രതിഷേധം വ്യാപകമാവുകയാണ്.ഇത് കൂടാതെ വിനോദ സഞ്ചാരികളെ ഏറെ ആകർഷിക്കുന്ന തെന്മല 13കണ്ണറ പാലത്തോട് ചേർന്ന് പാതയോരത്ത് പുതിയ സംരക്ഷണ ഭിത്തി കെട്ടി റോഡിന്റെ വീതി വർദ്ധിപ്പിക്കണമെന്ന അവശ്യവും ശക്തമാകുകയാണ്.