vadival
വടിവാൾ വിനീതിനെ കൊല്ലം കടപ്പാക്കടയിൽ പൊലീസ് വാഹനം തടഞ്ഞ് പിടിക്കാൻ ശ്രമിക്കുന്നു

കൊല്ലം: നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ വടിവാൾ വിനീതിനെ പിടികൂടിയ സിറ്റി പൊലീസിലെ പതിനൊന്ന് പൊലീസുകാർക്ക് വിശിഷ്ഠ സേവനത്തിനുള്ള പുരസ്കാരം. ഐ.ജി ഹർഷിത അട്ടല്ലൂരിയാണ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചത്. സിറ്റി കമ്മിഷണർ ടി. നാരായണൻ, സിറ്റി അസി. കമ്മിഷണർ എ. പ്രതീപ്കുമാർ, കരുനാഗപ്പള്ളി അസി. കമ്മിഷണർ ബി. ഗോപകുമാർ, ഇൻസ്‌പെക്ടർമാരായ എ. നിസാർ (കൊല്ലം ഈസ്റ്റ്), എസ്. മഞ്ജുലാൽ (കരുനാഗപ്പള്ളി), എ. നിസാമുദ്ദീൻ (ചവറ), ജസ്റ്റിൻ ജോൺ (ചാത്തന്നൂർ), യു.പി. വിപിൻകുമാർ (കണ്ണനല്ലൂർ), സി. ദേവരാജൻ (പള്ളിത്തോട്ടം), എസ്. ഷെരീഫ് (കോസ്റ്റൽ പൊലീസ്), റിസർവ് ഇൻസ്പെക്ടർ എം.സി. ചന്ദ്രശേഖരൻ (ജില്ലാ ഹെഡ് ക്വാർട്ടേഴ്‌സ്) എന്നിവർക്കാണ് പുരസ്കാരം.
കഴിഞ്ഞ 14ന് പുലർച്ചെ 4 ഓടെയായിരുന്നു കടപ്പാക്കടയിൽ വച്ച് സാഹസികമായി വടിവാൾ വിനീതിനെ പൊലീസ് പിടികൂടിയത്. കിളിമാനൂരിലെ പെട്രോൾ പമ്പ് മുതൽ ചടയമംഗലം ടൗൺ അതിർത്തി വഴി കടപ്പാക്കട വരെ വാഹനത്തിൽ പിന്തുടരുകയും കടപ്പാക്കടയിൽ വാഹനത്തിൽ നിന്ന്ഇറങ്ങിയോടിയ വിനീതിനെ പൊലീസ് സംഘം കീഴ്പ്പെടുത്തുകയുമായിരുന്നു. സിനിമാ സംഘട്ടന രംഗങ്ങളെ അനുസ്മരിക്കുന്ന തരത്തിലായിരുന്നു വിനീതിനെ പിടികൂടിയത്. നിരവധി കേസുകളിൽ പ്രതിയായിരുന്ന ഇയാൾ പൊലീസിനെ വെട്ടിച്ച് കഴിയുന്നതിനിടെയാണ് കടപ്പാക്കടയിൽ പിടിയിലായത്.