yuvamorcha-protest
യുവമോർച്ച ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കളക്ടറേറ്റിലേക്ക് നടത്തിയ മാർച്ചിനിടെ സംഘർഷമുണ്ടായതിനെ തുടർന്ന് പ്രവർത്തകർക്ക് നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചപ്പോൾ

 പൊലീസ് അഞ്ചുതവണ ജലപീരങ്കി പ്രയോഗിച്ചു

കൊല്ലം: യുവമോർച്ച ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കളക്ടറേറ്റിലേക്ക് നടത്തിയ മാർച്ചിൽ സംഘർഷമുണ്ടായതിനെ തുടർന്ന് പൊലീസ് അഞ്ച് തവണ ജലപീരങ്കി പ്രയോഗിച്ചു. പി.എസ്.സി റാങ്ക് ലിസ്റ്റ് കാലാവധി നീട്ടുക, അനധികൃത നിയമനങ്ങൾ അവസാനിപ്പിക്കുക, ഉദ്യോഗാർത്ഥികൾക്ക് നീതി ലഭ്യമാക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു പ്രതിഷേധം സംഘടിപ്പിച്ചത്.

കളക്ടറേറ്റിന്റെ പ്രധാന കവാടത്തിന് മുന്നിൽ പ്രവർത്തകരെ പൊലീസ് തടഞ്ഞു. പൊലീസുമായി ഉന്തും തള്ളും ഉണ്ടാകുകയും പ്രവർത്തകർ ബാരിക്കേഡ് തകർത്ത് കളക്ടറേറ്റിലേയ്ക്ക് തള്ളിക്കയറാൻ ശ്രമിക്കുകയും ചെയ്തു. ഇതോടെ പൊലീസ് ജലപീരങ്കി പ്രയോഗിക്കുകയായിരുന്നു. പിന്നീട് റോഡ് ഉപരോധിച്ച പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തുനീക്കി.

യുവമോർച്ച സംസ്ഥാന ജനറൽ സെക്രട്ടറി കെ. ഗണേശ് മാർച്ച് ഉദ്‌ഘാടനം ചെയ്തു. സെക്രട്ടേറിയറ്റിന് മുന്നിൽ ആഴ്ചകളായി സമരം നടത്തുന്ന റാങ്ക് ഹോൾഡേഴ്സ് പ്രതിനിധികളുമായി ചർച്ചയ്ക്ക് പോലും തയ്യാറാകാത്ത യുവജന വിരുദ്ധനായ ഭരണാധികാരിയാണ് കേരളത്തിന്റെ മുഖ്യമന്ത്രിയെന്ന് അദ്ദേഹം പറഞ്ഞു. ജില്ലാ പ്രസിഡന്റ്‌ വിഷ്ണു പട്ടത്താനം അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ജനറൽ സെക്രട്ടറിമാരായ പി. അഖിൽ, അജിത് എന്നിവർ സംസാരിച്ചു.

ജമുൻ ജാഹാംഗീർ, നവീൻകൃഷ്ണ, ഗോകുൽ, ദീപുരാജ്, ബബുൽദേവ്, ചിപ്പി, മഹേഷ്‌, രാഹുൽ, മീഡിയാ സെൽ കൺവീനർ ദിനേശ് പ്രദീപ്, ഐ.ടി സെൽ കൺവീനർ അർജ്ജുൻ മോഹൻ, മണ്ഡലം പ്രസിഡന്റുമാരായ ശംഭു, അരുൺ പന്മന, പ്രണവ് താമരക്കുളം, സന്ദീപ്, കൃഷ്ണരാജ്, സനൽ, അഖിൽ, സിനു ഇളമാട് തുടങ്ങിയവർ നേതൃത്വം നൽകി.