c
ചിറയ്ക്കൽ ചിറ

വേലികെട്ടി സുരക്ഷിതത്വം ഉറപ്പാക്കണമെന്ന് പ്രദേശവാസികൾ

തഴവ: ആത്മഹത്യകൾ തുടർക്കഥയാകുന്ന പാവുമ്പ ചിറയ്ക്കൽ ചിറയിൽ വേലികെട്ടി സുരക്ഷിതത്വം ഉറപ്പാക്കണമെന്ന പ്രദേശവാസികളുടെ ആവശ്യം ശക്തമാകുന്നു. പാവുമ്പ വടക്ക് മുരളി ഭവനിൽ മുപ്പത്തിമൂന്നുകാരിയായ വിജയലക്ഷ്മി ഇക്കഴിഞ്ഞ 28ന് ചിറയ്ക്കൽ ചിറയിൽ ചാടി ആത്മഹത്യ ചെയ്തതാണ് ഏറ്റവും ഒടുവിലത്തെ സംഭവം.

കഴിഞ്ഞ വർഷം മാത്രം പ്രദേശവാസിയായ അമ്മയും കുഞ്ഞുമടക്കം അഞ്ച് പേരാണ് ചിറയ്ക്കൽ ചിറയിൽ ചാടി ജീവനൊടുക്കിയത്. പാവുമ്പ, ശൂരനാട്, താമരക്കുളം തുടങ്ങി വിവിധ സ്ഥലങ്ങളിലുള്ളവർ ചിറയിൽ ചാടി ആത്മഹത്യ ചെയ്യാറുണ്ടെന്ന് നാട്ടുകാർ പറയുന്നു. കഴിഞ്ഞ പതിനഞ്ച് വർഷത്തിനിടയിൽ ശരാശരി ഇരുപത്തി രണ്ടോളം പേരാണ് ചിറയ്ക്കൽ ചിറയെ ആത്മഹത്യയ്ക്കായി തിരഞ്ഞെടുത്തത്. ഇരുപത്തി അഞ്ച് മീറ്റർ നീളവും പത്ത് മീറ്ററിലധികം വീതിയുമുള്ള ചിറ കൊടും വരൾച്ചയിൽ പോലും വറ്റാറില്ലെന്ന് സമീപവാസികൾ പറയുന്നു.

മരണച്ചിറ

ആത്മഹത്യകൾ പതിവായതോടെ പൊലീസുകാരും നാട്ടുകാരും കുളത്തിനെ മരണച്ചിറയെന്നാണ് വിളിക്കുന്നത്. ആ പേരിലാണ് ഇപ്പോൾ ചിറ അറിയപ്പെടുന്നതും. കുളത്തിനടിയിൽ ചെളിക്കെട്ടുള്ളതിനാൽ പലപ്പോഴും ആത്മഹത്യ ചെയ്യുന്നവരുടെ മൃതദേഹം പെട്ടെന്ന് പൊങ്ങിവരാറില്ല. പാവുമ്പ ചിറയ്ക്കൽ ക്ഷേത്രത്തോട് ചേർന്നുള്ള ചിറയുടെ ഉടമസ്ഥാവകാശം താമരക്കുളം പഞ്ചായത്തിനാണ്.

കുളത്തിന് നടുവിൽ കുഴി

പതിറ്റാണ്ടുകൾക്ക് മുൻപ് രൂക്ഷമായ ജലദൗർലഭ്യത്തെ തുടർന്ന് കുളത്തിന് നടുവിൽ ആഴത്തിൽ കുഴിയെടുത്തിരുന്നു. ഇതാണ് അപകടസാദ്ധ്യത വർദ്ധിപ്പിക്കുന്നത്. ഇത് വ്യക്തമായി മനസിലാക്കിയവരാണ് ഇവിടെ ആത്മഹത്യ ചെയ്യാനെത്തുന്നവരിൽ അധികവും. ആത്മഹത്യകളും അതുമായി ബന്ധപ്പെട്ട അന്ധവിശ്വാസങ്ങളും വ്യാപകമാകുമ്പോഴും ചിറയ്ക്ക് ചുറ്റും സംരക്ഷണ വേലി കെട്ടാത്ത അധികൃതരുടെ നടപടിയിൽ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്.

 കഴിഞ്ഞ വർഷം ചിറയ്ക്കൽ ചിറയിൽ ചാടി ജീവനൊടുക്കിയത് : 5 പേർ

 15 വർഷത്തിനിടയിൽ ശരാശരി 22 പേരാണ് ചിറയ്ക്കൽ ചിറയെ ആത്മഹത്യയ്ക്കായി തിരഞ്ഞെടുത്തത്