പുനലൂർ: കർഷകർക്കാവശ്യമില്ലാത്ത നിയമം രാജ്യത്തെ കോർപ്പറേറ്റുകളെ സംരക്ഷിക്കാനാണെന്ന് എ.ഐ.വൈ.എഫ് സംസ്ഥാന പ്രസിഡന്റ് അഡ്വ. ആർ.സജി ലാൽ പറഞ്ഞു. എ.ഐ.വൈ.എഫ് പുനലൂർ മാർക്കറ്റ് ജംഗ്ഷനിൽ സംഘടിപ്പിച്ച ഗാന്ധി സ്മൃതി പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കർഷകരുടെ സമരം പരാജപ്പെട്ടാൽ രാജ്യത്തെ 130 കോടി ജനങ്ങളും കൊടും പട്ടിണിയിലാകും. രാജ്യത്തെ കർഷകരാണ് നമുക്ക് ആവശ്യമായ ഭക്ഷ്യധാന്യങ്ങൾ ഉത്പ്പാദിപ്പിക്കുന്നത്. അവർക്ക് ആവശ്യമില്ലാത്ത നിയമം നടപ്പിലാക്കാനുള്ള ശ്രമത്തിൽ നിന്ന് കേന്ദ്രം പിൻതിരിയണമെന്നും സജിലാൽ വ്യക്തമാക്കി. എ .ഐ .വൈ .എഫ് മണ്ഡലം പ്രസിഡന്റ് ശ്യാം രാജ് അദ്ധ്യക്ഷത വഹിച്ചു.സി. പി. ഐ മണ്ഡലം സെക്രട്ടറി സി .അജയപ്രസാദ് ,നഗരസഭ ഉപാദ്ധ്യക്ഷൻ വി. പി. ഉണ്ണികൃഷ്ണൻ, എ. ഐ. വൈ. എഫ് മണ്ഡലം സെക്രട്ടറി ഐ. മൺസൂർ, ലോക്കൽ കമ്മിറ്റി സെക്രട്ടറി അഡ്വ.പി.എ.അനസ്, നഗരസഭ കൗൺസിലർ രഞ്ജിത്ത്, പഞ്ചായത്ത് അംഗം സിബിൽബാബു, ശരത് കുമാർ തുടങ്ങിയവർ സംസാരിച്ചു.