chakka

കൊട്ടാരക്കര: നാട്ടിലെ താരങ്ങളായ കപ്പയും ചക്കയും തമ്മിലാണിപ്പോൾ വിപണിയിലും തീൻമേശയിലും മത്സരം. കപ്പയും മീൻകറിയും സ്റ്റാർ ഹോട്ടലുകളിൽ സ്ഥാനം പിടിച്ചതോടെയാണ് കപ്പയ്ക്ക് മാർക്കറ്റിൽ വില ഉയർന്നത്.

കഴിഞ്ഞ സമയങ്ങളിൽ കപ്പയ്ക്ക് കിലോക്ക് ഇരുപത്തിയഞ്ച് മുതൽ മുപ്പത് രൂപ വരെ വില ലഭിക്കുകയും ചെയ്തു. എന്നാലിപ്പോൾ വില പതിയെ ഇടിയുകയാണ്. വയലേലകൾ നെൽകൃഷിക്ക് പകരം മരച്ചീനി കൃഷി വ്യാപകമായതാണ് വില ഇടിയാൻ കാരണം. ഇതോടെ വില പതിനഞ്ച് രൂപയിലേയ്ക്കാണ് കൂപ്പുകുത്തിയത്.

മുൻപ് മരച്ചീനിക്കുണ്ടായിരുന്ന ഡിമാൻഡും വിലയും ഇപ്പോൾ ചക്കയ്ക്ക് കൈവന്നു. പലവിധ ആരോഗ്യ പ്രശ്നങ്ങൾക്കും ചക്ക പരിഹാരമാണെന്ന് കണ്ടെത്തിയതാണ് ചക്കയുടെ തലവര മാറ്റിയത്. പ്രമേഹരോഗികൾക്കും മറ്റും ചക്ക മികച്ചതാണെന്ന് കണ്ടെത്തിയതോടെ വിദേശത്തും ചക്കയുടെ ഡിമാൻഡ് ഉയർന്നു.

കാൻസറിന് ചക്കക്കുരു ഔഷധമാണെന്ന് ആയുർവേദം കണ്ടെത്തിയതോടെ ചക്ക വില ഊഹിക്കുന്നതിനും മുകളിലേയ്ക്ക് ഉയർന്നു. മാത്രമല്ല, ചക്ക വിഭവങ്ങൾ സ്റ്റാർ ഹോട്ടലുകളിൽ സ്ഥാനം പിടിച്ചതും വില ഉയരാൻ കാരണമായി. നാട്ടിൻപുറങ്ങളിൽ ഒരു ചക്കയ്ക്ക് ഇപ്പോൾ മുന്നൂറ്റിയൻപതും നാന്നൂറും രൂപ വിലയുണ്ട്. കപ്പ പെട്ടാലെന്താ ചക്ക കരകയറിയെന്നാണ് കർഷകർ പറയുന്നത്.

 വില

 കപ്പ

മുൻപ്: 30 രൂപ

ഇപ്പോൾ: 15 രൂപ

 ചക്ക

മുൻപ്: 50 രൂപ

ഇപ്പോൾ: 400 രൂപ (ഒരെണ്ണം)

''

ആർക്കും വേണ്ടാതിരുന്ന ചക്കയ്ക്ക് ഇപ്പോൾ വില ഉയർന്നിട്ടുണ്ട്. ഇതോടെ ചക്ക മോഷണവും പതിവായി.

കർഷകർ