covid

 ഗ്രാമീണ മേഖലയിൽ സ്ഥിതി ഗുരുതരം

കൊല്ലം: ജില്ലയിൽ ദിവസവും കൊവിഡ് ബാധിതരുടെ എണ്ണം വർദ്ധിച്ചതോടെ ജില്ലാ ഭരണകൂടം നിയന്ത്രണങ്ങൾ കടുപ്പിക്കുന്നു. നേരത്തെ കൊവിഡ് നിയന്ത്രണ വിധേയമാക്കാൻ സ്വീകരിച്ച നടപടികൾ വീണ്ടും നടപ്പാകാനാണ് തീരുമാനം.
ജില്ലാ കളക്ടറുടെ അദ്ധ്യക്ഷതയിൽ ഇന്നലെ ചേർന്ന ജില്ലാ വികസന സമിതിയിലാണ് നിയന്ത്രണം കർക്കശമാക്കാൻ തീരുമാനിച്ചത്. കൂടുതൽ കൊവിഡ് കേസുകൾ ഇപ്പോൾ റിപ്പോ‌ർട്ട് ചെയ്യുന്നത് ഗ്രാമീണ മേഖലയിലാണ്. അതിനാൽ ഇവിടങ്ങളിൽ പരിശോധനയും നിരീക്ഷണവും ഊർജ്ജിതമാക്കും. വിവിധ സ്‌ക്വാഡുകളുടെ നേതൃത്വത്തിലാണ് പരിശോധന.
വിവിധ വകുപ്പുകൾ ഏകോപിപ്പിച്ച് സംയുക്ത റെയ്ഡുകളും ബോധവത്കരണ പ്രവർത്തനങ്ങളും നടത്തും. ആൾക്കൂട്ടം ഉണ്ടാകാൻ സാദ്ധ്യതയുള്ള എല്ലാ മേഖലകളിലും കൊവിഡ് മാനദണ്ഡം ഉറപ്പാക്കും. ഓഫീസുകളിൽ മാസക് ധരിക്കാനും സാനിറ്റൈസർ ഉറപ്പാക്കാനും പ്രത്യേക നിരീക്ഷണമുണ്ടാകും. സംരക്ഷിത കുടുംബ കൂട്ടായ്മയും (സി.സി.ജി) വാർഡുതല നിരീക്ഷണ സമിതികളും പ്രതിരോധ പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കും.
മൺറോത്തുരുത്ത് ഉൾപ്പെടെയുള്ള വിനോദ സഞ്ചാര മേഖലകളിൽ സർക്കാർ പുറപ്പെടുവിച്ചിട്ടുള്ള മാർഗ നിർദേശങ്ങൾ നടപ്പാക്കുന്നതിന് പ്രത്യേക സംവിധാനങ്ങളും ഒരുക്കും.

 സപ്ളൈ ഓഫീസിൽ നേരിട്ട് വരരുത്

കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ അക്ഷയ കേന്ദ്രങ്ങൾ വഴി ചെയ്യുന്ന അപേക്ഷയുമായി നേരിട്ട് താലൂക്ക് സപ്ലൈ ഓഫീസിൽ വരരുതെന്നും അപേക്ഷ ഓൺലൈനിൽ തീർപ്പാക്കുമെന്നും കൊല്ലം താലൂക്ക് സപ്ലൈ ഓഫീസർ അറിയിച്ചു.

അപേക്ഷയിൽ രേഖപ്പെടുത്തിയിട്ടുള്ള മൊബൈൽ നമ്പരിലേക്ക് ആപ്ലിക്കേഷൻ അപ്രൂവ്ഡ് എന്ന സന്ദേശം ലഭിക്കുകയോ അല്ലെങ്കിൽ അക്ഷയ കേന്ദ്രത്തിൽ അന്വേഷിച്ച് അറിയിപ്പ് ലഭിച്ച ശേഷം മാത്രം ഓഫീസിലെത്തി റേഷൻ കാർഡിൽ രേഖപ്പെടുത്തലുകൾ വരുത്തിയാൽ മതി. കാലതാമസം നേരിട്ടാൽ താലൂക്ക് സപ്ലൈ ഓഫീസറുടെയോ റേഷനിംഗ് ഇൻസ്‌പെക്ടർമാരുടെയോ മൊബൈൽ നമ്പരിൽ ബന്ധപ്പെടാം. മൊബൈൽ നമ്പരുകൾ റേഷൻ കാർഡിന്റെ പിന്നിലും റേഷൻ കടയുടെ നോട്ടീസ് ബോർഡിലും ഉണ്ടാകും.

 ഫോണിൽ ബന്ധപ്പെടണം


പുതിയ റേഷൻ കാർഡിന് അപേക്ഷിക്കുന്നവർ റേഷൻ ഇൻസ്‌പെക്ടറുമായി ഫോണിൽ ബന്ധപ്പെട്ട ശേഷമേ ഓഫീസിൽ എത്താവൂ. റേഷൻ കാർഡുകൾ മുൻഗണന, അന്ത്യോദയ (പിങ്ക്, മഞ്ഞ) വിഭാഗങ്ങളിലേക്ക് മാറ്റുന്നതിനുള്ള അപേക്ഷ വെള്ള പേപ്പറിൽ തയ്യാറാക്കി റേഷൻ കാർഡിന്റെ പകർപ്പ്, യോഗ്യത തെളിയിക്കുന്ന രേഖകളുടെ പകർപ്പ് എന്നിവ സഹിതം ഓഫീസിന് മുന്നിൽ വച്ചിട്ടുള്ള ബോക്‌സിൽ ഇട്ടാൽ മതി. അപേക്ഷകളിൽ അദാലത്ത് നടത്തി അർഹതയുള്ളവരുടെ ലിസ്റ്റ് തയ്യാറാക്കി അംഗീകാരം വാങ്ങിയ ശേഷം കാർഡുകൾ അനുവദിക്കും.

''

കൊവിഡ് നിയന്ത്രങ്ങൾ കൂടുതൽ കർക്കശമാക്കേണ്ടതുണ്ട്. ഇതിന് പൊലീസിന്റെയും മറ്റ് വകുപ്പുകളുടെയും സഹകരണത്തോടെ പ്രത്യേക നിയന്ത്രണം കൊണ്ടുവരും.

ബി. അബ്ദുൽ നാസർ

ജില്ലാ കളക്ടർ