ns
എൻ.എസ് സഹകരണ ആശുപത്രിയിൽ സംഘടിപ്പിച്ച ബിസിനസ് മീറ്റ് ആശുപത്രി പ്രസിഡന്റ് പി. രാജേന്ദ്രൻ ഉദ്ഘാടനം ചെയ്യുന്നു

കൊല്ലം: സഹകരണ മേഖലയുടെ വളർച്ചയ്ക്ക് പരസ്പര പങ്കാളിത്തം അനിവാര്യമാണെന്ന് ജില്ലാ തല സഹകരണ ബിസിനസ് മീറ്റ് വിലയിരുത്തി. കൊല്ലം എൻ.എസ് സഹകരണ ആശുപത്രിയിൽ സംഘടിപ്പിച്ച ബിസിനസ് മീറ്റിലാണ് നിർദ്ദേശങ്ങൾ ഉയർന്നത്. കഴിഞ്ഞ 15 വർഷത്തിനിടയിൽ വൻ വളർച്ചയാണ് എൻ.എസ് ആശുപത്രി നേടിയത്.

ജില്ലയിലെ സഹകരണ സ്ഥാപനങ്ങൾ കൂടുതൽ തുക ഓഹരി നിക്ഷേപമായി നൽകിയതും സഹായകമായി. ആശുപത്രിയിലെ പുതിയ പ്രോജക്ടുകളായ കാൻസർ സെന്റർ, ആയുർവേദ ആശുപത്രി, ജെറിയാട്രിക് സെന്റർ എന്നിവയുടെ പൂർത്തീകരണത്തിന് കൂട്ടായി യത്‌നിക്കണമെന്ന് ബിസിനസ് മീറ്റ് തീരുമാനിച്ചു.
ജില്ലയിലെ 150 സഹകരണ സംഘങ്ങളിലെ പ്രസിഡന്റുമാരും സെക്രട്ടറിമാരും മീറ്റിൽ പങ്കെടുത്തു. ആശുപത്രിയിൽ 50 ലക്ഷത്തിൽ കൂടുതൽ ഓഹരിയെടുത്ത സംഘം പ്രസിഡന്റുമാരെയും സെക്രട്ടറിമാരെയും ചടങ്ങിൽ ആദരിച്ചു. ആശുപത്രി അഡ്മിനിസ്‌ട്രേഷൻ ബ്ലോക്കിൽ ചേർന്ന മീറ്റ് ആശുപത്രി സംഘം പ്രസിഡന്റ് പി. രാജേന്ദ്രൻ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് എ. മാധവൻപിള്ള അദ്ധ്യക്ഷനായി.

സംഘം സെക്രട്ടറി പി.ഷിബു സ്വാഗതവും ഭരണസമിതിയംഗം അഡ്വ. പി.കെ. ഷിബു നന്ദിയും പറഞ്ഞു. തൊടിയൂർ സഹകരണ ബാങ്ക് പ്രസിഡന്റ് തൊടിയൂർ രാമചന്ദ്രൻ, കലയ്‌ക്കോട് ബാങ്ക് പ്രസിഡന്റ് സുഭാഷ്, നടയ്ക്കൽ സഹകരണ ബാങ്ക് പ്രസിഡന്റ് വി. ഗണേശൻ, കൊല്ലൂർവിള സഹകരണ ബാങ്ക് പ്രസിഡന്റ് അൻസാർ അസീസ്, സഹകരണ ജോ. രജിസ്ട്രാർ ജലജ, അസി. രജിസ്ട്രാർമാരായ പി. മുരളീധരൻ, അജി, ആശുപത്രി ഭരണസമിതി അംഗങ്ങളായ കെ. ഓമനക്കുട്ടൻ, സി. ബാൾഡുവിൻ, അഡ്വ. ഡി. സുരേഷ്‌ കുമാർ, സൂസൻകോടി, പ്രസന്ന രാമചന്ദ്രൻ, അഡ്വ. സബിതാബീഗം, ആശുപത്രി മെഡിക്കൽ സൂപ്രണ്ട് ഡോ. ടി.ആർ. ചന്ദ്രമോഹൻ, ഡെപ്യൂട്ടി മെഡിക്കൽ സൂപ്രണ്ട് ഡോ. ഡി. ശ്രീകുമാർ എന്നിവർ സംസാരിച്ചു.