കൊല്ലം: 2021 ലെ പൾസ് പോളിയോ ഇമ്മ്യൂണൈസേഷൻ ഇന്ന് നടക്കും. ജില്ലയിൽ അഞ്ചു വയസിന് താഴെയുള്ള 1,70,700 കുട്ടികൾക്ക് പരിപാടിയുടെ ഭാഗമായി ഒരു ഡോസ് പോളിയോ തുള്ളിമരുന്ന് നൽകും. രാവിലെ 8ന് കൊല്ലം ഗവ. വിക്ടോറിയ ആശുപത്രിയിൽ കൊവിഡ് പ്രോട്ടോക്കോൾ പാലിച്ച് നടക്കുന്ന ലളിതമായ ചടങ്ങിൽ മേയർ പ്രസന്ന ഏണസ്റ്റ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാം.കെ.ഡാനിയേൽ, ജില്ലാ കളക്ടർ ബി. അബ്ദുൽ നാസർ, ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.ആർ. ശ്രീലത, ആശുപത്രി സൂപ്രണ്ടും ആർ.സി.എച്ച് ഓഫീസറുമായ ഡോ.വി. കൃഷ്ണവേണി തുടങ്ങിയവർ പങ്കെടുക്കും. ജില്ലയിൽ ആകെ 1,387 പൾസ് പോളിയോ ബൂത്തുകൾ സജ്ജീകരിച്ചിട്ടുണ്ട്. ഇതിൽ 20 മൊബൈൽ ടീമുകളും ഉൾപ്പെടും. രാവിലെ എട്ട് മുതൽ വൈകിട്ട് 5 വരെയാണ് പ്രവർത്തനം.