കൊല്ലം തോട്ടിലൂടെ ഗതാഗതം ഉടൻ
കൊല്ലം: കൊല്ലം തോട് വഴി ഈമാസം ഗതാഗതം ആരംഭിക്കാൻ നീക്കം ആരംഭിച്ചു. രണ്ടാഴ്ചയ്ക്കുള്ളിൽ ട്രയൽ റൺ നടക്കും. ഈമാസം അവസാനത്തോടെ വിനോദ ബോട്ട് സർവീസ് ആരംഭിക്കുകയാണ് ലക്ഷ്യം.
ആറ് റീച്ചുകളുള്ള കൊല്ലം തോട്ടിൽ നിലവിൽ നാല് റീച്ചുകൾ ഗതാഗത യോഗ്യമാണ്. രണ്ട്, മൂന്ന് റീച്ചുകളുടെ നവീകരണമാണ് ഇപ്പോൾ പുരോഗമിക്കുന്നത്. രണ്ടാം റീച്ചിൽ 70 ശതമാനം പൂർത്തിയായി. നവീകരണം 11 ശതമാനത്തിൽ മാത്രം നിൽക്കുന്ന മൂന്നാം റീച്ചിലെ നവീകരണം വേഗത്തിലാക്കാൻ അടുത്തിടെ ആറുപേർക്ക് ഉപകരാർ നൽകി. ഡ്രഡ്ജിംഗ് പൂർത്തിയാക്കി ഗതാഗത സൗകര്യം ഒരുക്കാനുള്ള ശ്രമമാണ് മൂന്നാം റീച്ചിൽ നടക്കുന്നത്. പാർശ്വഭിത്തി നിർമ്മാണം പിന്നീട് നടക്കും. ഈമാസം ഗതാഗതം ആരംഭിച്ചാൽ ഒരു വ്യാഴവട്ടക്കാലമായുള്ള സ്വപ്നമാണ് യാഥാർത്ഥ്യമാകുക.
തടസവുമായി 39 കുടുംബങ്ങൾ
പുനരധിവാസത്തിന്റെ ഭാഗമായി ഫ്ലാറ്റ് നൽകിയിട്ടും ഒഴിഞ്ഞുപോകാത്ത 39 കുടുംബങ്ങൾ മൂന്നാം റീച്ചിലെ നവീകരണത്തിന് തടസമായിരിക്കുകയാണ്. വലത് കരയിൽ 22 ഉം ഇടത് കരയിൽ 17 കുടുംബങ്ങളുമാണുള്ളത്. ഇവരിൽ ചിലർ കുടുംബാംഗങ്ങൾക്കെല്ലാം പ്രത്യേകം വീട് ആവശ്യപ്പെട്ട് നിൽക്കുകയാണ്. ചിലർ ലഭിച്ച ഫ്ലാറ്റുകൾ വാടകയ്ക്ക് നൽകിയ ശേഷം ഇവിടെ തങ്ങുകയാണ്.
ആഴ പരിശോധനയ്ക്ക് ബോട്ടെത്തി
നിലവിൽ ഡ്രഡ്ജിംഗ് പൂർത്തിയായ സ്ഥലങ്ങളിലെ ആഴം പരിശോധിക്കാൻ കേരള
വാട്ടർവെയ്സ് ആൻഡ് ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡിന്റെ (കിവിൽ) ബോട്ടെത്തി. ജലകേളി കേന്ദ്രത്തിന് സമീപം എത്തിച്ച സ്പീഡ് ബോട്ടിൽ രണ്ട് ദിവസത്തിനുള്ളിൽ ആഴ പരിശോധന നടക്കും. രണ്ടാഴ്ചയ്ക്കുള്ളിൽ കിവിലിന്റെ സോളാർ ബോട്ടെത്തിച്ചായിരിക്കും ട്രയൽ റൺ.
ഇരവിപുരം - അഷ്ടമുടിക്കായൽ നീളം: 7.86 കിലോമീറ്റർ
ആകെ റീച്ചുകൾ: 6
ഗതാഗതയോഗ്യം: 4 റീച്ചുകൾ
''
ഈമാസം തന്നെ ട്രയൽ നടത്താനുള്ള തീവ്രശ്രമങ്ങൾ നടക്കുകയാണ്. സ്പീഡ് ബോട്ട് ഉപയോഗിച്ച് ആഴം പരിശോധിക്കും. പിന്നീട് സോളാർ ബോട്ടെത്തിച്ചാകും ട്രയൽ റൺ. ജോയി ജനാർദ്ദനൻ അസി. എക്സി. എൻജിനിയർ ഉൾനാടൻ ജലഗതാഗത വകുപ്പ്