somadas

ചാത്തന്നൂർ: ഗാനമേള,​ റിയാലിറ്റി ഷോകളിലൂടെ ശ്രദ്ധേയനായ ഗായകൻ സോമദാസ്‌ (42) അന്തരിച്ചു. ചാത്തന്നൂർ സായിഭവനിൽ പരേതനായ ഹരിദാസന്റെയും ശാന്തമ്മയുടെയും മകനാണ്. പാരിപ്പള്ളി ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ കൊവിഡാനന്തര ചികിത്സയിലിരിക്കെ ഇന്നലെ പുലർച്ചെ മൂന്നോടെ ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം.

സ്റ്റാർ സിംഗർ, ബിഗ്ബോസ് തുടങ്ങിയ റിയാലിറ്റി ഷോകളിലാണ് സോമദാസ് തിളങ്ങിയത്. അണ്ണാറക്കണ്ണനും തന്നാലായത്, മിസ്റ്റർ പെർഫെക്‌ട്, മണ്ണാംകട്ടയും കരിയിലയും തുടങ്ങിയ ചിത്രങ്ങളിൽ ഗാനങ്ങൾ ആലപിച്ചു. അന്തരിച്ച നടനും ഗായകനുമായിരുന്ന കലാഭവൻ മണിയുടെ ശബ്ദം അനുകരിച്ചും സോമദാസ് ശ്രദ്ധേയനായിരുന്നു. വിദേശത്ത് നിരവധി പരിപാടികളിൽ പങ്കെടുത്തിട്ടുണ്ട്. പോസ്റ്റ്മോർട്ടത്തിന് ശേഷം ഇന്നലെ ഉച്ചയോടെ വൻജനാവലിയുടെ സാന്നിദ്ധ്യത്തിൽ മൃതദേഹം വീട്ടുവളപ്പിൽ സംസ്കരിച്ചു.

ഭാര്യ: സുചിത്ര. മക്കൾ: ധ്യാന, ദിയ. ആദ്യഭാര്യയിൽ ഗൗരി, ലക്ഷ്മി എന്നീ രണ്ട് കുട്ടികളുമുണ്ട്. സഹോദങ്ങൾ: ടോണി, സായി.