level-cross
കൊല്ലം- എഗ്മോർ എക്സ്പ്രസ്സ് കടന്നു പോകുമ്പോൾ ആവണീശ്വരം ലെവൽക്രോസ് അടച്ചിട്ടിരിക്കുന്നു

കുന്നിക്കോട് : മൂന്ന് പതിറ്റാണ്ടായി ജനങ്ങൾ നിരന്തരം മുറവിളി കൂട്ടിയിട്ടും ആവണീശ്വരം റെയിൽവേ ഓവർ ബ്രിഡ്ജ് ഇനിയും യാഥാർത്ഥ്യമായിട്ടില്ല. പത്തനാപുരം - കുന്നിക്കോട് - ചെങ്ങമനാട് - വാളകം പാത ശബരി പാതയായി വികസിപ്പിച്ചതിന് ശേഷം ഇതുവഴി വാഹന ഗതാഗതം ഇരട്ടിയായി. എന്നാൽ ഈ വിഷയത്തിൽ അധികൃതർ മുഖം തിരിഞ്ഞ് നിൽക്കുകയാണ്. ഏറ്റവും ഒടുവിൽ സംസ്ഥാന ബഡ്ജറ്റിൽ മേൽപ്പാലത്തിന് നിർദ്ദേശവും ഇല്ല. ഓവർ ബ്രിഡ്ജിന് ചെലവാക്കുന്ന തുകയുടെ പകുതി സംസ്ഥാന സർക്കാർ നൽകിയാൽ മാത്രമേ തുടർ നടപടികൾ സാദ്ധ്യമാകൂ എന്നാണ് ജനപ്രതിനിധികൾ പറയുന്നത്.

കനത്ത ഗതാഗതസ്തംഭനം

ഈ പാതയിലൂടെ നിലവിൽ മൂന്ന് ട്രെയിനുകളാണ് ഓടുന്നത്. ദിവസം ആറ് തവണ ലെവൽക്രോസ് അടക്കേണ്ടതായി വരുന്നുണ്ട്. ആകെ ഒരു മണിക്കൂറിൽ കൂടുതൽ ലെവൽ ക്രോസ് അടച്ചിടുന്നതോടെ കനത്ത ഗതാഗതസ്തംഭനമാണ് ഇവിടെ ഉണ്ടാകുന്നത്. കുന്നിക്കോട് ടൗണിൽ നിന്ന് ഒരു കിലോമീറ്റർ അകലെയാണ് ആവണീശ്വരം റെയിൽവേ സ്റ്റേഷൻ സ്ഥിതിചെയ്യുന്നത്. കൊല്ലം ചെങ്കോട്ട പാതയിൽ കൂടുതൽ പാസഞ്ചർ ട്രെയിനുകൾ സർവീസ് പുന:രാരംഭിക്കുന്നതോടെ ലെവൽക്രോസ് ഇരട്ടിയോളം തവണ അടച്ചിടേണ്ടതായി വരും. അതോടെ ജനങ്ങളുടെ ബുദ്ധിമുട്ടും വർദ്ധിക്കും. സമീപത്തെ ഫയർ സ്റ്റേഷനിൽ നിന്ന് കുന്നിക്കോട് മേഖലയിലേക്ക് വേഗത്തിൽ ഫയർ ഫോഴ്സിന് കടന്ന് പോകാൻ പലപ്പോഴും ലെവൽക്രോസ് തടസമായിട്ടുണ്ട്. പത്തനാപുരത്തുനിന്നെത്തുന്ന ആംബുലൻസുകളുടെ സ്ഥിതിയും ഇതാണ്.

അടിയന്തരമായി ഓവർബ്രിഡ്ജ് നിർമ്മിക്കണം

പുനലൂർ - മൂവാറ്റുപുഴ പാത മലയോര ഹൈവേയുടെ ഭാഗമാകുന്നതോടെ പത്തനാപുരത്ത് നിന്ന് എം.സി റോഡിലെ വാളകം വഴി കടന്നു പോകുന്ന വാഹനങ്ങളുടെ എണ്ണം ഇരട്ടിയിലധികമാകും.ആവണീശ്വരം റെയിൽവേ സ്റ്റേഷന്റെ കിഴക്കുഭാഗത്താണ് ഈ ലെവൽക്രോസ് സ്ഥിതിചെയ്യുന്നത്. ഒരു കിലോമീറ്റർ അകലെ കാവൽപ്പുര ഭാഗത്തും (കുന്നിക്കോട് - പട്ടാഴി റോഡ്) മറ്റൊരു ലെവൽക്രോസ് ഉണ്ട്.1904 ലാണ് കൊല്ലം-ചെങ്കോട്ട റെയിൽപാത കമ്മീഷൻ ചെയ്തത്. ഇതിനിടെ ഗേജ് മാറ്റത്തിനായി 2005 നും 2010 നും മദ്ധ്യേയുള്ള 5 വർഷം മാത്രമാണ് ഇതുവഴി ട്രെയിൻ ഓടാതിരുന്നത്. ആവണീശ്വരത്ത് ലെവൽ ക്രോസ് സ്ഥാപിച്ചിട്ട് ഒരു നൂറ്റാണ്ട് പിന്നിടുന്നു. ഈ പാതയിലെ വാഹനഗതാഗതം സുഗമമാക്കുന്നതിന് അടിയന്തരമായി ഓവർബ്രിഡ്ജ് നിർമ്മിക്കണം.