link-road
ജില്ലാ കളക്ടർ ബി. അബ്ദുൽ നാസർ ലിങ്ക് റോഡിന്റെ മൂന്നാംഘട്ട നിർമ്മാണ പ്രവർത്തനങ്ങൾ വിലയിരുത്താൻ എത്തിയപ്പോൾ

 ഒച്ചിഴയും വേഗത്തിൽ മൂന്നാംഘട്ടം

കൊല്ലം: വീണ്ടും കാലാവധി നീട്ടിനൽകിയ ലിങ്ക് റോഡിന്റെ മൂന്നാംഘട്ട നിർമ്മാണ പ്രവർത്തനങ്ങൾ ഇഴഞ്ഞുനീങ്ങുന്നു. നിലവിലെ സാഹചര്യത്തിൽ മൂന്നാംഘട്ടം മെയ് അവസാനത്തോടെ മാത്രമേ പൂർത്തിയാകൂ എന്നാണ് അധികൃതർ പറയുന്നത്. ഇക്കണക്കിന് പോയാൽ അവസാനഘട്ട നിർമ്മാണം പൂർത്തിയാകാൻ ഇനിയുമേറെ കാത്തിരിക്കേണ്ടി വരുമെന്ന് സാരം.

2019 നവംബർ അവസാനത്തോടെ ലിങ്ക് റോഡിന്റെ നിർമ്മാണം പൂർത്തീകരിക്കുമെന്നായിരുന്നു ആദ്യപ്രഖ്യാപനം. പിന്നീട് പല കാരണങ്ങളാൽ രണ്ടുതവണയായി ആറുമാസം വീതം നീട്ടിനൽകി. ലോക്ക്ഡൗൺ പ്രതിസന്ധിയെ തുടർന്ന് 2021 മാർച്ച് വരെ കാലാവധി വീണ്ടും നീട്ടി.

മൂന്നാംഘട്ടം പൂർത്തിയായാൽ മാത്രമേ തോപ്പിൽ കടവിലേക്കുള്ള നാലാംഘട്ടം ആരംഭിക്കാൻ കഴിയൂ. ഇതിനായി 2017- 18ലെ ബഡ്ജറ്റിൽ കിഫ്‌ബിയിൽ നിന്ന് 150 കോടി രൂപ അനുവദിച്ചിട്ടുണ്ട്.

തൊഴിലാളികളെ കിട്ടാനില്ലെന്ന് കരാറുകാരൻ

കെ.എസ്.ആർ.ടി.സി ഡിപ്പോയ്ക്ക് മുന്നിൽ നിന്ന് ആരംഭിച്ച് കായലിലൂടെ ഓലയിൽ കടവ് വരെയുള്ളതാണ് ലിങ്ക് റോഡിന്റെ മൂന്നാംഘട്ട നിർമ്മാണം. ഇതിനായി ജലഗതാഗത വകുപ്പിന്റെ പഴയ ഓഫീസ് നിന്നിരുന്ന കെട്ടിടവും മറ്റും പൊളിച്ചുനീക്കിയിരുന്നു. ഓലയിൽ കടവിൽ നിന്ന് പാലത്തിലേക്കുള്ള അപ്രോച്ച് വർക്കുകളാണ് ഇപ്പോൾ നടക്കുന്നത്. കായലിൽ ഏകദേശം 300 മീറ്റർ ദൂരം മാത്രമാണ് പൂർത്തീകരിക്കാനുള്ളത്. ഇവ പൂർത്തിയായാൽ മാത്രമേ അപ്രോച്ച് റോഡ് നിർമ്മാണം ആരംഭിക്കുകയുള്ളൂ.

80 ശതമാനത്തിലധികം പണികൾ പൂർത്തിയായെങ്കിലും തൊഴിലാളികളുടെ ക്ഷാമമാണ് നിർമ്മാണ പ്രവൃത്തികൾ ഇഴയാൻ കാരണമായി കരാറുകാർ ചൂണ്ടിക്കാട്ടുന്നത്. ലോക്ക്ഡൗണിനെ തുടർന്ന് നാട്ടിലേക്ക് പോയ അന്യസംസ്ഥാന തൊഴിലാളികളിൽ ഭൂരിഭാഗം പേരും മടങ്ങിയെത്തിയിട്ടില്ല.

ഗതാഗതം സുഗമമാകും, കായൽ ടൂറിസവും ലക്ഷ്യം

മൂന്നാംഘട്ടത്തിൽ ആകെയുള്ള 1180 മീറ്ററിൽ 80 മീറ്റർ റോഡ് മാത്രമാണ് കരയിലൂടെ നിർമ്മിക്കുന്നത്. ബാക്കിയുള്ള ദൂരം മുഴുവൻ കായലിൽ നിർമ്മിക്കുന്ന ഫ്ലൈ ഓവറാണ്. ഗതാഗതക്കുരുക്കിന് പരിഹാരം കാണുന്നതിനൊപ്പം കായൽ ടൂറിസം സാദ്ധ്യതയും മുന്നിൽക്കണ്ടുള്ള രൂപരേഖയാണ് പാലത്തിന്. ഏഴര മീറ്റർ വീതിയിൽ റോഡും ഇരുവശത്തും ഒന്നര മീറ്റർ വീതിയിൽ നടപ്പാതയും ഉൾക്കൊള്ളുന്നതാണ് പാലം. കായൽ സൗന്ദര്യം ആസ്വദിക്കുന്നതിനായി വ്യൂ ഗാലറികളും നിർമ്മിക്കുന്നുണ്ട്.

മൂന്നാംഘട്ടം: 1,180 മീറ്റർ നീളം

ഫ്ലൈ ഓവർ: 1,100 മീറ്റർ

റോഡിന്റെ വീതി: 7.5 മീറ്റർ

നടപ്പാത: 1.5 മീറ്റർ (ഇരുവശവും)

നിർമ്മാണ ചെലവ്: 114 കോടി രൂപ