ചാത്തന്നൂർ: കൊവിഡിന്റെ കരാള ഹസ്തത്തിൽ അമർന്ന് പാതിയിൽ മുറിഞ്ഞ ഗാനം പോലെ സോമദാസ് ജീവിത വഴിയിൽ നിന്ന് നടന്നകലുമ്പോൾ കണ്ണീരണിയുകയാണ് കലാലോകം.
ചാലക്കുടിയിൽനിന്ന് ദാരിദ്ര്യവും കഷ്ടതകളും അതിജീവിച്ച് കലാഭവൻ മണി വളർന്നുവന്ന പോലെ ചാത്തന്നൂരിന്റെ അഭിമാനമായി ഉയർന്നുവന്ന താരമായിരുന്നു സോമദാസ് എന്ന സോമു. മണിയും സോമദാസും തമ്മിൽ വലിയ സൗഹൃദവുമായിരുന്നു. ഇരുവരും ജീവിതത്തിന്റെ ഒരു ഘട്ടത്തിൽ ഓട്ടോ ഡ്രൈവർമാരായിരുന്നു. രണ്ടു പേരും പാട്ടിനെ നെഞ്ചോട് ചേർത്തവർ.
ഇടയ്ക്ക് വ്യക്തി ജീവിതത്തിൽ പ്രതിസന്ധികളുണ്ടായപ്പോൾ സോമുവും ഒറ്റപ്പെട്ടു. സുഹൃത്തുക്കളിൽ അഭയം തേടി. സ്റ്റാർ സിംഗർ നൽകിയ പ്രശസ്തിക്ക് നേരിയ മങ്ങലേറ്റ കാലം, സോമു പ്രവാസിയുമായി. ജീവിതം തിരിച്ചുപിടിച്ചേ മതിയാകൂ എന്ന ഘട്ടത്തിൽ താങ്ങായത് ബിഗ്ബോസായിരുന്നു. സ്റ്റേജുകളിലും സജീവമായി വരവേയാണ് കൊവിഡ് ബാധിതനായത്.
ജീവിതത്തിന്റെ വസന്തകാലത്ത് ആഘോഷങ്ങളുടെ ഭാഗമായും കഷ്ടകാലങ്ങളിൽ ആശ്വാസത്തിനെന്നോണവും കൂടെ കൂടിയ ചില ശീലങ്ങൾ വിട്ടൊഴിഞ്ഞെങ്കിലും അത് സമ്മാനിച്ച കിഡ്നി തകരാർ കൊവിഡ് ബാധിച്ചതോടെ കലശലായി. കൊവിഡിൽ നിന്ന് കരകയറിയെന്ന് വിചാരിച്ചിരിക്കവേ വൃക്കകളും ഹൃദയവും താളം തെറ്റി. ഒടുവിൽ കലാഭവൻ മണിയെപ്പോലെ അപ്രതീക്ഷിതമായി സോമുവും യാത്രയായി.