ചിതറ: പഞ്ചായത്തിലെ ലക്ഷക്കണക്കിന് രൂപയുടെ കരാറുകളെടുത്ത കോൺട്രാക്ടർമാർ പണികൾ ചെയ്യാത്തത് ജനങ്ങളെ ബുദ്ധിമുട്ടിലാക്കുന്നു. 2019- 2020 കാലയളവിലെ മാത്രം മുപ്പതോളം കരാർ പണികളാണ് കരാറെടുത്ത ശേഷം ചെയ്യാതിരിക്കുന്നത്. ഇതിൽ തന്നെ 5 വർഷമായി ആറ്റകുറ്റപ്പണി ചെയ്യാത്ത റോഡുകൾ വരെയുണ്ട്. കാരറ വാർഡിൽ മാത്രം 10 ലക്ഷത്തിലധികം രൂപയുടെ കരാറുകൾ പൂർത്തികരിക്കാനുണ്ടെന്ന് മുൻ വാർഡ് മെമ്പർ പറഞ്ഞു. മറ്റ് മിക്കവാർഡുകളിലെയും സ്ഥിതി ഇതുതന്നെ. കരാറുകാർക്കെതിരെ നടപ്പടിയെടുക്കാൻ പഞ്ചായത്ത് കമ്മിറ്റിക്ക് അധികാരമുണ്ടെങ്കിലും നടപടിയെടുക്കാത്തതിന് കാരണം പണി ചെയ്യാതിരിക്കുന്ന കരാറുകാരിൽ ഭൂരിഭാഗവും പാർട്ടി പ്രവർത്തകരും അനുഭാവികളുമായതുകൊണ്ടാണെന്ന് നാട്ടുകാർ ആരോപിക്കുന്നു. പഞ്ചായത്ത് കമ്മിറ്റിയും പാർട്ടിക്കാരായ കരാറുകാരും തമ്മിലുള്ള ഒത്തുകളി അവസാനിപ്പിക്കണമെന്ന് പ്രതിപക്ഷ കക്ഷികൾ ആവശ്യപ്പെട്ടു.