തൊടിയൂർ: തൊടിയൂർ പഞ്ചായത്തിലെ പ്രാഥമികാരോഗ്യ കേന്ദ്രത്തിന്റെ കീഴിലുള്ള രണ്ട് സബ് സെന്ററുകളിൽ ഒന്ന് പ്രവർത്തനരഹിതമായിട്ട് വർഷങ്ങൾ കഴിയുന്നു. സബ് സെന്റർ പ്രവർത്തിച്ചു വന്ന പഞ്ചായത്ത് വക കെട്ടിടം ജീർണിച്ച് ഉപയോഗയോഗ്യമല്ലാതായതോടെയാണ് അടച്ചു പൂട്ടിയത്. തൊടിയൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിന് വടക്കുവശത്ത് റോഡരികിലായാണ് സെന്റർ പ്രവർത്തിച്ചിരുന്നത്. ജീവിത ശൈലീ രോഗങ്ങളുടെ നിർണയം ഉൾപ്പടെയുള്ള അത്യാവശ്യ സേവനങ്ങൾ നാട്ടുകാർക്ക് ഇവിടെ നിന്ന് ലഭിച്ചിരുന്നു. ഈ കെട്ടിടം ഉപഗോയ ശൂന്യമായതോടെ
സബ്സെന്ററിന്റെ പ്രവർത്തനം സമീപത്തെ ഒരു വീട്ടിലേക്ക് മാറ്റി. എന്നാൽ ഇവിടെ പൂർണമായ നിലയിൽ പ്രവർത്തനം നടക്കുന്നില്ലെന്ന് പരാതിയുണ്ട്. ഉപകേന്ദ്രം പ്രവർത്തിച്ചിരുന്ന കെട്ടിടത്തിന്റ അറ്റകുറ്റപ്പണി യഥാസമയം നടത്താതിരുന്നതാണ് അടച്ചു പൂട്ടലിന് വഴിതെളിച്ചതെന്നാണ് നാട്ടുകാരുടെ ആക്ഷേപം. മേൽക്കൂരയിലെ ഓടുകൾ തകർന്നു പോയിടത്ത് പ്ലാസ്റ്റിക് ഷീറ്റ് മേഞ്ഞിരിക്കുകയാണ്. ഇതിന്റെ മതിൽക്കെട്ടിനകം മാലിന്യ നിക്ഷേപകേന്ദ്രമായി മാറി. പഞ്ചായത്ത് വക പ്ലാസ്റ്റിക് സംഭരണിയും ഈ വളപ്പിനുള്ളിൽ സ്ഥാപിച്ചിട്ടുണ്ട്. കോഴിവേസ്റ്റ് ഉൾപ്പടെയുള്ളവ ഇവിടെ തള്ളാറുണ്ടെന്ന് പരിസരവാസികൾ പറയുന്നു. പുതിയ കെട്ടിടം നിർമിച്ച് ആരോഗ്യ ഉപകേന്ദ്രത്തിന്റെ പ്രവർത്തനം എത്രയും വേഗം പുനരാരംഭിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.