thenmala-photo
പടം

തെന്മല : തെൻമല ഫോറസ്റ്റ് റേഞ്ചിന്റെയും ഒറ്റക്കൽ വന സംരക്ഷണ സമിതിയുടെയും ആഭിമുഖ്യത്തിൽ കാട്ടുതീ പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി വനത്തിൽ വച്ച് വന സ്നേഹസംഗമ ക്യാമ്പും ഏകദിന സെമിനാറും നടത്തി. ആവാസ വ്യവസ്ഥാ സംരക്ഷണത്തിന്റെയും വന്യമൃഗ സ്നേഹത്തിന്റെയും ഭാഗമായി കാട്ടാനകൾക്ക് ഭക്ഷിക്കാൻ ശർക്കരയും പഴവും തേങ്ങയും ഉൾപ്പടെ ആനകൾ വനത്തിൽ വെള്ളം കുടിക്കാൻ എത്തുന്നിടത്ത് സജ്ജമാക്കി. കാട്ടുമൃഗങ്ങൾക്ക് കുടിവെള്ളം ലഭിക്കുന്നതിനായി വനത്തിനുള്ളിലെ നീരുറവകളും വൃത്തിയാക്കിയിട്ടുണ്ട്. വന സ്നേഹ സംഗമം തെന്മല ഡെപ്യൂട്ടി ഫോറസ്റ്റ് റേഞ്ച് ഓഫീസർ ജിൽസൺ ഉദ്ഘാടനം ചെയ്തു. സെക്ഷൻ ഫോറസ്റ്റ് ഓഫീസർ വേണുഗോപാൽ അദ്ധ്യക്ഷനായി. ഒറ്റക്കൽ വി. എസ് . എസ് പ്രസിഡന്റും സാക്ഷരതാ മിഷൻ പ്രേരകുമായ ആർ. ദിലീപ് കുമാർ ക്ലാസ് നയിച്ചു. വനം വകുപ്പ് ഉദ്യോഗസ്ഥരായ രഞ്ജനകുമാർ, അമൃത, പ്രതീപ് കുമാർ, അജയൻ, കെ. കെ രാജു തുടങ്ങിയവർ സംസാരിച്ചു. പരിസ്ഥിതി സംരക്ഷണവുമായി ബന്ധപ്പെട്ട നാടൻ കലാ പരിപാടികൾ വി. എസ്.എസ് അംഗങ്ങൾ അവതരിപ്പിച്ചു. തീയില്ലാതെൻ മല കാടുകൾ എന്ന സന്ദേശം പ്രചരിപ്പിച്ചു കൊണ്ടുള്ള പ്രവർത്തനങ്ങൾക്കും സെമിനാറിൽ രൂപം നല്കി.