കൊല്ലം: ജാതി കുശുമ്പുള്ളവർ സാമ്പത്തിക സംവരണം ദുരുപയോഗം ചെയ്യുമെന്ന് എസ്.എൻ ട്രസ്റ്റ് ട്രഷറർ ഡോ. ജി. ജയദേവൻ പറഞ്ഞു. എസ്.എൻ.ഡി.പി യോഗം കൊട്ടാരക്കര യൂണിയനിൽ പുതുതായി തിരഞ്ഞെടുക്കപ്പെട്ട ഭാരവാഹികൾക്ക് എഴുകോൺ 565-ാം നമ്പർ ശാഖയുടെ നേതൃത്വത്തിൽ നൽകിയ സ്വീകരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ജാതിയെ കുറിച്ച് ഗുരുദേവനും ഡോ. പല്പുവും തമ്മിലുള്ള പ്രസിദ്ധമായ ഒരു സംഭാഷണമുണ്ട്. ജാതി പുറമേ ഇല്ലാതായാലും മനസിൽ ജാതി കുശുമ്പ് നിലനിൽക്കുമെന്ന് സംഭാഷണത്തിനിടയിൽ ഡോ. പല്പു പറഞ്ഞു. അന്ന് പല്പു പറഞ്ഞത് പോലെ ജാതി കുശുമ്പ് ഇപ്പോഴും നിലനിൽക്കുന്നു. ഇക്കൂട്ടർ സാമ്പത്തിക സംവരണം ദുരുപയോഗം ചെയ്യുമ്പോൾ പിന്നാക്കക്കാർ വിദ്യാഭ്യാസത്തിലും തൊഴിലിലും പിന്തള്ളപ്പെടും. വ്യവഹാര കാര്യങ്ങളിൽ യോഗം ജാതി പറയണം. അങ്ങനെ പറയാതെ നിന്നാൽ ഈഴവരും മറ്റ് പിന്നാക്ക വിഭാഗങ്ങളും സാമ്പത്തിക സംവരണത്തിന്റെ തിക്തഫലം അനുഭവിക്കേണ്ടി വരും.
കൊവിഡ് ഇന്ന് ലോകം അടക്കിവാഴുന്ന വലിയ ഭരണാധികാരിയായി മാറിയിരിക്കുന്നു. അന്തരീക്ഷത്തിൽ നിറമുള്ളതും നിറമില്ലാത്തതുമായ ചില ശബ്ദങ്ങൾ പുറപ്പെടുവിക്കുന്നതുമായ അനേകം സൂക്ഷ്മ ജീവികൾ ഉണ്ടെന്ന് ഗുരു പറഞ്ഞിട്ടുണ്ട്. അതിനുള്ള പ്രതിവിധിയായി ഗുരു പറഞ്ഞ പഞ്ചശുദ്ധി അനുഷ്ഠിച്ചിരുന്നെങ്കിൽ കൊവിഡ് മഹാമാരിയായി മാറുമായിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
തുടർച്ചയായി 43 വർഷം കൊട്ടാരക്കര യൂണിയൻ സെക്രട്ടറിയായി പ്രവർത്തിച്ച ശേഷം സ്ഥാനമൊഴിഞ്ഞ ജി. വിശ്വംഭരനെയും ചടങ്ങിൽ ആദരിച്ചു. യൂണിയൻ പ്രസിഡന്റ് സതീഷ് സത്യപാലൻ, സെക്രട്ടറി അഡ്വ. ആരുൾ, യോഗം ബോർഡ് അംഗം അനക്കോട്ടൂർ അനിൽകുമാർ, യൂണിയൻ പഞ്ചായത്ത് കമ്മിറ്റി അംഗങ്ങളായ ജയപ്രകാശ്, മോഹനൻ, അജയൻ എന്നിവർ സ്വീകരണം ഏറ്റുവാങ്ങി. ശാഖാ പ്രസിഡന്റ് മന്മഥൻ അദ്ധ്യക്ഷനായി. ശാഖാ സെക്രട്ടറി ടി. സജീവ് സ്വാഗതവും വിനോദ് ഉമ്മൻകാല നന്ദിയും പറഞ്ഞു.