c
കോവൂർ കുഞ്ഞുമോൻ എം.എൽ.എ

പ്രക്ഷോഭത്തിനൊരുങ്ങി നാട്ടുകാർ

ശാസ്താംകോട്ട: കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മാണം പുരോഗമിക്കുന്ന കരുനാഗപ്പള്ളി - ശാസ്താംകോട്ട പാതയിലെ കുറ്റിയിൽ മുക്കിൽ കലുങ്ക് നിർമ്മിക്കാതെ റോഡ് പണി പൂർത്തിയാക്കാൻ നീക്കം. കലുങ്ക് നിർമ്മാണത്തിനായി ഒഴിച്ചിട്ട ഭാഗത്ത് കഴിഞ്ഞ ദിവസം ടാറിംഗ് നടത്തിയതോടെയാണ് കലുങ്ക് നിർമ്മാണം ഉപേക്ഷിച്ച വിവരം പുറത്തായത്. ഇതിനെതിരെ പ്രദേശത്ത് ശക്തമായ പ്രതിഷേധമാണ് ഉയരുന്നത്. ഇവിടെ കലുങ്കും അനുബന്ധ ഒാടയും നിർമ്മിച്ചില്ലെങ്കിൽ മഴക്കാലത്ത് രൂക്ഷമായ വെള്ളക്കെട്ടുണ്ടാകും. തുടർന്ന് റോഡിനിരുവശത്തുമുള്ള വ്യാപാര സ്ഥാപനങ്ങളിൽ വെള്ളം കയറും. കഴിഞ്ഞ മഴക്കാലത്ത് വ്യാപാര സ്ഥാപനങ്ങളിൽ വെള്ളം കയറിയ വാർത്ത കേരള കൗമുദി പ്രസിദ്ധീകരിച്ചിരുന്നു. മറ്റു ഭാഗങ്ങളിൽ ഓടയും കലുങ്കും നിർമ്മിക്കുന്നുണ്ടെങ്കിലും കുറ്റിയിൽ മുക്കിൽ മാത്രം ഇവ ഒഴിവാക്കാനാണ് അധികൃതരുടെ നീക്കമെന്നാണ് പ്രദേശവാസികളുടെ ആക്ഷേപം. കുറ്റിയിൽ മുക്കിലും ഇതിന് സമീപത്തുള്ള ശരിയത്തുൽ ജുമാ മസ്ജിദിന് സമീപവും കലുങ്കുകളുണ്ടായിരുന്നു. എന്നാൽ കാലപ്പഴക്കം മൂലം ഇവയിൽ മണ്ണ് നികന്ന് വെള്ളം ഒഴുകാത്ത നിലയിലായിരുന്നു. അധികൃതരുടെ നടപടിയിൽ പ്രതിഷേധിച്ച് ശക്തമായ ജനകീയ പ്രക്ഷോഭത്തിന് ഒരുങ്ങുകയാണ് നാട്ടുകാർ.

അധികൃതർ വാക്കുപാലിച്ചില്ലെന്ന് ആക്ഷേപം

റോഡ് നിർമ്മാണം ആരംഭിച്ചപ്പോൾ കുറ്റിയിൽ മുക്കിൽ കലുങ്ക് നിർമ്മിക്കണമെന്ന് പ്രദേശവാസികൾ ആവശ്യപ്പെട്ടു. ഇതിന്റെ അടിസ്ഥാനത്തിൽ കലുങ്കും ഒാടയും നിർമ്മിക്കാമെന്ന് അധികൃതർ ഉറപ്പ് നൽകിയിരുന്നു. തുടർന്ന് കലുങ്ക് നിർമ്മിക്കുന്നതിനായി ഈ ഭാഗത്ത് ടാറിംഗ് ഒഴിവാക്കി. എന്നാൽ അധികൃതർ കഴിഞ്ഞ ദിവസം കലുങ്ക് നിർമ്മാണം ഉപേക്ഷിക്കാൻ തീരുമാനിക്കുകയായിരുന്നു.

ഓടയിൽ നിന്നുള്ള വെള്ളം സമീപത്തെ വീടുകളിലേക്ക് കയറുമെന്നുള്ളതിനാൽ പ്രദേശവാസികളുടെ എതിർപ്പുമൂലമാണ് കലുങ്ക് നിർമ്മാണം ഉപേക്ഷിച്ചത്.

കോവൂർ കുഞ്ഞുമോൻ എം.എൽ.എ

കലുങ്ക് നിർമ്മാണം ഉപേക്ഷിച്ച അധികൃതർ നാട്ടുകാരെ കബളിപ്പിക്കുകയാണ്. ഇതിനെതിരെ ജനകീയ പ്രക്ഷോഭം സംഘടിപ്പിക്കും

ജോസ് മത്തായി

കോൺഗ്രസ് മണ്ഡലം സെക്രട്ടറി