ramani
രമണിഅമ്മ സന്തോഷ് മുള്ളുമലയ്ക്കും ബന്ധുക്കൾക്കുമൊപ്പം

 ചികിത്സാ പിഴവെന്ന് ആരോപണം

പത്തനാപുരം: ആശുപത്രി അധികൃതരുടെ അനാസ്ഥയെ തുടർന്ന് കാലിൽ തറച്ച കമ്പുമായി ആദിവാസി വൃദ്ധ വേദന സഹിച്ച് നടന്നത് മൂന്നുമാസം!. ഒടുവിൽ മുറിവ് പഴുത്ത് വേദന അസഹ്യമായി കാലിൽ അമർത്തിയതോടെയാണ് രണ്ടര ഇഞ്ച്‌ വലുപ്പമുള്ള കമ്പ്‌ പുറത്തുചാടിയത്.

മുള്ളുമല വനവാസി കോളനിയിലെ രമണിഅമ്മയ്ക്കാണ് (80) ദുരനുഭവം ഉണ്ടായത്. രണ്ട് തവണ എക്സറേ എടുത്തെങ്കിലും കാലിന്‍ മറ്റ് പ്രശ്നങ്ങളില്ലെന്ന് പറഞ്ഞ് പുനലൂർ താലൂക്ക് ആശുപത്രി അധികൃതർ പറഞ്ഞുവിടുകയായിരുന്നുവെന്ന് വൃദ്ധ പറഞ്ഞു. വനവിഭവങ്ങൾ ശേഖരിക്കുന്നതിനിടെയാണ് ഇടത് പാദത്തിന് മുകളിൽ കമ്പ് തറച്ചത്.
വേദന അസഹ്യമായപ്പോൾ പിറവന്തൂർ പ്രാഥമികാരോഗ്യകേന്ദ്രത്തിലും പിന്നീട് പുനലൂർ താലൂക്ക്‌ ആശുപത്രിയിലും ചികിത്സതേടി. ഇവിടെ നിന്ന്‌ ഡോക്ടറുടെ നിർദേശപ്രകാരം എക്സ്‌ റേ എടുത്തു.
തുടർന്ന് മാസങ്ങളായി ആശുപത്രിയിൽ നിന്ന് നൽകിയ മരുന്ന് മുറിവിൽ പുരട്ടിയെങ്കിലും ഓരോ ദിവസവും വേദന വർദ്ധിക്കുകയായിരുന്നു. സഹിക്കാൻ പറ്റാതെ വന്നതോടെയാണ് മുറിവിൽ അമർത്തിയത്. ഇതോടെ കമ്പ്‌ പുറത്തുചാടിയതായി ബന്ധുക്കൾ പറയുന്നു.

''

ചികിത്സാപിഴവ് ആരോപിച്ച് പുനലൂർ താലൂക്ക് ആശുപത്രി സൂപ്രണ്ടിന് പരാതി നൽകി. ആരോഗ്യ മന്ത്രി അടക്കമുള്ളവർക്ക് പരാതി നൽകും.

സന്തോഷ് മുള്ളുമല, സംസ്ഥാന പ്രസിഡന്റ്

ആദിവാസി ഡെവലപ്പ്മെന്റ് അസോ.