veedu-

തൃപ്രയാർ: പുതുവർഷ പുലരിയിൽ സുരക്ഷിതമായ സ്‌നേഹഭവനത്തിലേക്ക് താമസം മാറുകയാണ് നിർദ്ധന കുടുംബത്തിലെ വീട്ടമ്മ. തളിക്കുളം കച്ചേരിപ്പടിക്ക് പടിഞ്ഞാറ് കാജാ കമ്പനിക്ക് സമീപം പണിക്കവീട്ടിൽ പരേതനായ മൂസയുടെ ഭാര്യ കദീജാബിയാണ് പുതുവർഷ തലേന്ന് സ്‌നേഹഭവനം സ്വന്തമാക്കിയത്. രണ്ട് പെൺമക്കളുടെ വിവാഹത്തിനും ഭർത്താവിന്റെ വിയോഗത്തിനും ശേഷം രണ്ടര സെന്റിലെ കൂരയിൽ നിന്നാണ് കദീജാബി സ്‌നേഹഭവനത്തിലേക്ക് താമസം മാറുന്നത്. വർഷങ്ങളായി കൂരയിൽ ഒറ്റക്ക് കഴിയുകയാണ് കദീജാബി. ജീവകാരുണ്യ പ്രവർത്തകൻ അബ്ദുൾ അസീസ് തളിക്കുളത്തിന്റെ ഇടപെടലാണ് സുരക്ഷിതമായൊരു വീടെന്ന സ്വപ്നം പൂവണിയാൻ ഇടയാക്കിയത്. കദീജാബിയുടെ ദയനീയാവസ്ഥ അബ്ദുൾ അസീസ്, മസ്‌ക്കറ്റ് കേന്ദ്രമായുള്ള സ്‌കൈലൈൻ കമ്പനി ഉടമ കെ.സി. എബ്രഹാമിനെ അറിയിച്ചതാണ് സ്‌നേഹഭവനത്തിന് നിമിത്തമായത്. കഴിഞ്ഞ ഫെബ്രുവരിയിൽ വീടിന്റെ ശിലാസ്ഥാപനം നടത്തിയിരുന്നു. കമ്പനിയുടെ പേരിൽ നിർദ്ധന കുടുംബത്തിന് അദ്ദേഹം നിർമ്മിച്ചു നൽകിയ തളിക്കുളത്തെ പത്താമത്തെ സ്‌നേഹഭവനമാണിത്. അയൽവാസികൾ ഉൾപ്പെടെയുള്ളവരുടെ സാന്നിദ്ധ്യത്തിൽ ടി.എൻ. പ്രതാപൻ എം.പി സ്‌നേഹഭവനത്തിന്റെ താക്കോൽ കദീജാബിക്ക് കൈമാറി. സ്‌നേഹഭവനം ഒരുക്കിയ കെ.സി. എബ്രഹാമിനെ ആദരിച്ച എം.പി. അദ്ദേഹത്തിന്റെ ഛായാചിത്രവും സമ്മാനിച്ചു. കൊവിഡ് പ്രതിരോധ കാലത്ത് മികച്ച സേവനം കാഴ്ചവച്ച തളിക്കുളം ഹെൽത്ത് ഇൻസ്‌പെക്ടർ ടി.പി. ഹനീഷ്‌കുമാറിനെ ചടങ്ങിൽ ആദരിച്ചു. പഞ്ചായത്ത് അംഗം ജീജ രാധാകൃഷ്ണൻ, പി.ഐ. ഷൗക്കത്തലി, പി.എസ്. സുൽഫിക്കർ, ഡോ. മുഹമ്മദ് അഷ്‌റഫ്, ഷൈജ കിഷോർ തുടങ്ങിയവർ സംബന്ധിച്ചു.