പുതുക്കാട്: താൻ സംസ്ഥാനത്തെ വിദ്യാഭ്യാസ മന്ത്രിയാണെന്ന ചിന്ത പ്രൊഫ. സി. രവീന്ദ്രനാഥ് ഒരു നിമിഷം മറന്നു. തന്റെ ഹൈസ്‌കൂൾ പഠനകാലത്തിന്റെ മധുര സ്മരണകളിൽ, പഠിച്ച ക്ലാസ് മുറിയിൽ അച്ചടക്കമുള്ളകുട്ടിയായി മന്ത്രി ഇരുന്നു. ഈ സമയം പത്ത് എ ഡിവിഷനിൽ ലോജി ടീച്ചർ ഇംഗ്ലീഷ് പഠിപ്പിക്കുകയായിരുന്നു. ടീച്ചറുടെ അനുമതിയോടെയാണ് മന്ത്രി ക്ലാസിലെത്തിയത്.
മന്ത്രി ഒപ്പം ഇരുന്നപ്പോൾ അദ്ധ്യാപികയും വിദ്യാർത്ഥികളും ഒന്ന് പകച്ചു. എഴുന്നേറ്റ് നിന്നവരോട് ഇരിക്കാൻ പറഞ്ഞ മന്ത്രി, ടീച്ചറോട് ക്ലാസ് തുടരാനും അഭ്യർത്ഥിച്ചു. മന്ത്രി മുന്നിലിരിക്കുന്നതിന്റെ അങ്കലാപ്പ് ടീച്ചറിൽ കണ്ടപ്പോൾ പുറത്തു കടന്നു. അദ്ധ്യയനം ആരംഭിച്ച സ്‌കൂളിലെ സ്ഥിതി വിലയിരുത്തുന്നതിനാണ് മന്ത്രി പുതുക്കാട് സെന്റ് ആന്റണീസ് ഹയർ സെക്കൻഡറി സ്‌കൂളിലെത്തിയത്.
ഹയർ സെക്കൻഡറി പ്രിൻസിപ്പൽ, പ്രധാന അദ്ധ്യാപിക എന്നിവരും ഒപ്പമുണ്ടായിരുന്നു. 1970-71 കാലഘട്ടത്തിൽ മന്ത്രി പഠിച്ചിരുന്ന പത്ത് ബി ക്ലാസായിരുന്നു ഇന്നത്തെ എ ഡിവിഷൻ. 50 വർഷം മുമ്പ് പത്തിൽ പഠിക്കുമ്പോൾ രസതന്ത്രം പഠിപ്പിച്ചിരുന്ന റീത്ത ടീച്ചറായിരുന്നു ക്ലാസ് ടീച്ചറെന്ന് മന്ത്രി, ഓർമ്മിച്ചു. ഇതേ സ്‌കൂളിലെ കണക്ക് അദ്ധ്യാപകനായിരുന്ന പി.പി. ജോർജിന്റെ ഭാര്യ. പുതുക്കാട് ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി, നന്തിക്കര ഗവ. ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി എന്നീ സ്‌കൂളുകളും മന്ത്രി സന്ദർശിച്ചു.