തൃശൂർ: ദേശീയപാത കുതിരാനിൽ നിയന്ത്രണം വിട്ട ചരക്ക് ലോറി സ്കൂട്ടറിലും കാറിലും ഇടിച്ചുകയറി മൂന്ന് പേർ മരിച്ച സംഭവത്തിൽ അപകടത്തിന് കാരണം ലോറിയുടെ തകരാറല്ലെന്ന് കണ്ടെത്തൽ. ബ്രേക്ക് നഷ്ടപ്പെട്ടതാണ് അപകടത്തിന് കാരണമെന്നായിരുന്നു അറസ്റ്റിലായ ലോറി ഡ്രൈവർ മൊഴി നൽകിയിരുന്നത്. എന്നാൽ പൊലീസും മോട്ടോർ വാഹന വകുപ്പും നടത്തിയ പരിശോധനയിൽ അപകടത്തിന് കാരണം അതല്ലെന്ന് കണ്ടെത്തി. ഡ്രൈവർ ഉറങ്ങിയാതാകാം എന്ന നിഗമനത്തിലാണ് പൊലീസ്. വ്യാഴാഴ്ച പുലർച്ചെയാണ് കുതിരാനിൽ നിയന്ത്രണം വിട്ട ചരക്ക് ലോറി വാഹനങ്ങളിലേക്ക് ഇടിച്ചു കയറി മൂന്നു പേർ മരിച്ചത്. പാലക്കാട് സ്വദേശികളായ മലപ്പാറ പുത്തൻവീട്ടിൽ കുമാരന്റെ മകൻ നിഖിൽ (28), മഞ്ഞപ്ര ഷീല നിവാസിൽ മുരളീധരന്റെ മകൻ വിജേഷ് (24), എറണാകുളം പൂക്കാട്ടുപടി സ്വദേശി കിഴക്കമ്പലം ആശാരിപ്പടി റോഡിൽ ശിശിരം ഹൗസിൽ ചന്ദ്രന്റെ മകൻ സോബിൻ (35) എന്നിവരാണ് മരിച്ചത്.
കുതിരാൻ തുരങ്ക കാര്യത്തിൽ ഇടപെടണമെന്ന്
പ്രധാനമന്ത്രിക്ക് കത്ത്
തൃശൂർ: കരാർ ചെയ്ത് 30 മാസം കൊണ്ട് തീർക്കേണ്ട ദേശീയ പാതയുടെയും കുതിരാൻ തുരങ്കത്തിന്റെയും പണി 12 വർഷമായിട്ടും പൂർത്തിയാക്കാത്ത നടപടിയിൽ നേരിട്ട് ഇടപെടണമെന്ന് ആവശ്യപ്പെട്ട് കെ.പി.സി.സി സെക്രട്ടറി അഡ്വ. ഷാജി ജെ. കോടങ്കണ്ടത്ത് പ്രധാനമന്ത്രിക്ക് കത്ത് അയച്ചു. ദേശീയ പാതയുടെ അശാസ്ത്രീയ നിർമ്മാണവും സുരക്ഷാ മാനദണ്ഡം പാലിക്കാത്തതും ചൂണ്ടിക്കാട്ടി ഹൈക്കോടതിയിൽ കൊടുത്ത ഹർജിയെ തുടർന്ന് കമ്മിഷന്റെ റിപ്പോർട്ട് പ്രകാരം കോടതിയുടെ ഇടക്കാല ഉത്തരവിൽ നിർദ്ദേശിച്ച സുരക്ഷാ നിർദ്ദേശം പോലും നടപ്പിലാക്കാൻ ദേശീയ പാത അതോറിറ്റിയും കരാർ കമ്പനിയും തയ്യാറാകുന്നില്ല. പ്രധാനമന്ത്രിക്ക് നേരത്തെ അയച്ച കത്ത് പ്രകാരം ദേശീയപാത അതോറിറ്റിയുടെ റീജ്യണൽ ഓഫീസിനോട് അടിയന്തര തീരുമാനം എടുക്കാൻ ആവശ്യപ്പെട്ടിട്ടും റോഡ് നിർമ്മാണവും തുരങ്ക നിർമ്മാണവും പൂർത്തിയാക്കാനുള്ള യാതൊരു നടപടിയും എടുത്തിട്ടില്ലെന്നും കത്തിൽ പറയുന്നു.