മാള: ജൈവ കൃഷിയിൽ രണ്ട് ടെക്നീഷ്യന്മാർ കൈകോർത്തപ്പോൾ ഇവിടം സ്വർഗ്ഗമായി. മാളയ്ക്കടുത്ത് കുരുവിലശ്ശേരിയിലാണ് ഇരുവരും ചേർന്ന് പൊന്നുവിളയിച്ചത്. ഇന്ത്യൻ ഫാർമേഴ്‌സ് ഫെർട്ടിലൈസർ കോ- ഓപറേറ്റിവ് ലിമിറ്റഡിൽ ലോജിസ്റ്റിക് വകുപ്പിൽ കേരളത്തിന്റെ ചുമതലയുണ്ടായിരുന്ന ജോലി ഉപേക്ഷിച്ചാണ് ബിജു തറയിൽ മൂന്നര ഏക്കർ കൃഷിയിടം വാങ്ങിയത്. ഈ കൃഷിയിടമാണ് കഴിഞ്ഞ എട്ട് വർഷം കൊണ്ട് വിളനിലമാക്കിയത്.
നേവിയിൽ നിന്ന് 32 വയസുള്ളപ്പോൾ വിരമിച്ച രാഗേഷ് ശർമ്മയും ചേർന്നാണ് കൃഷി ചെയ്തിട്ടുള്ളത്. കേരള ജൈവ കർഷക സമിതി സംസ്ഥാന ജോയിന്റ് സെക്രട്ടറിയായ പറവൂർ സ്വദേശിയായ ബിജു തറയിലും സമിതി എറണാകുളം ജില്ലാ പ്രസിഡന്റായ കാലടി സ്വദേശി രാഗേഷ് ശർമ്മയും ജൈവ കൃഷിക്കായി ജീവിതം സമർപ്പിക്കുകയാണ്. നേവിയിൽ രാജ്യത്തെ വിവിധ സ്ഥലങ്ങളിൽ ടെക്നിഷ്യനായി ജോലി ചെയ്ത് വിരമിച്ചാണ് 38 കാരനായ രാഗേഷ് ശർമ്മ പൂർണ സമയവും ജൈവ കർഷകനായത്. പ്ലസ്‌ടു കഴിഞ്ഞ് പതിനേഴാം വയസിൽ നേവിയിൽ ചേർന്ന ശേഷം ബി.എസ്.സി എയർനോട്ടിക്, പബ്ലിക് അഡ്മിനിസ്ട്രേഷൻ, എം.ബി.എ.-എച്ച്.ആർ എന്നിവ പാസായിട്ടുണ്ട്. ഇലക്ട്രോണിക് ആൻഡ് കമ്മ്യൂണിക്കേഷൻ എൻജിനിയറിംഗ് നേടിയ ബിജു തറയിൽ ഒരേ ഭൂമി ഒരേ ജീവൻ മാസിക പത്രാധിപ സമിതി അംഗമാണ്.
കുരുവിലശ്ശേരിയിൽ പാട്ടത്തിനെടുത്തത് അടക്കം രണ്ടര ഏക്കർ സ്ഥലത്താണ് ജീവാമൃതം മാത്രം ഉപയോഗിച്ച് നെൽക്കൃഷി ചെയ്തിട്ടുള്ളത്. പത്ത് വർഷം തരിശ് കിടന്ന സ്ഥലമാണ് ഇരുവരും ചേർന്ന് വിളനിലമാക്കിയത്. ലഭിക്കുന്ന നെല്ല് തവിട് കളയാത്ത പച്ചരി പൊടിയാക്കിയും അവലാക്കിയും വിൽക്കുന്ന രീതിയാണ് സ്വീകരിക്കുന്നത്. സംസ്ഥാനം മുഴുവൻ കാർഷിക മേഖലയിൽ സഞ്ചരിച്ചപ്പോൾ ലഭിച്ച അനുഭവവും ബിജുവിന് പ്രചോദനമായി. അതേസമയം പാരമ്പര്യമായി കർഷക കുടുംബത്തിലുള്ള കാലടി കിഴക്കേടത്ത് മനയിൽ രാഗേഷ് ശർമ്മയുടെ അച്ഛൻ ഇപ്പോഴും മികച്ച കർഷകനാണ്. വീട്ടുവളപ്പിൽ മഞ്ഞൾ, ഇഞ്ചി, വാഴ, ചേന, കപ്പ, പപ്പായ, പച്ചക്കറികൾ തുടങ്ങിയവ കൃഷി ചെയ്യുന്നുണ്ട്. കുരുവിലശ്ശേരിയിലെ സ്ഥലത്ത് നാടൻ കോഴികൾ, ആടുകൾ, വാഴത്തോട്ടം, മീൻ വളർത്തൽ, വിവിധ പച്ചക്കറികൾ എന്നിവയും ഉണ്ട്. നാല് നാടൻ പശുക്കളുടെ ചാണകവും മൂത്രവും ഉപയോഗിച്ച് ജീവാമൃതം നിർമ്മിച്ചാണ് കൃഷി ചെയ്യുന്നത്.