തൃപ്രയാർ: 14 വർഷം മുമ്പ് കാണാതായ മകനെ ഒരിക്കൽ കൂടിയൊന്ന് കാണാൻ കഴിയുമോ എന്നുള്ള ഒരുമ്മയുടെ ദയനീയമായ ചോദ്യത്തിന് മുമ്പിൽ എന്ത് ചെയ്യണമെന്നറിയാതെ നിസ്സഹായരായി നിൽക്കുകയാണ് ഒരു നാട്. വർഷങ്ങൾക്ക് മുമ്പ് വിദേശത്ത് നിന്നും കാണാതായ മകന്റെ തിരിച്ച് വരവിനായി രോഗശയ്യയിലും കണ്ണീരോടെ കാതോർക്കുകയാണ് നാട്ടിക സ്വദേശിനി ഫാത്തിമ (58). പ്രായാധ്യകവും അസുഖങ്ങളും ഓർമ്മകളെ പോലും ചില സമയങ്ങളിൽ കവർന്നെടുക്കുന്നുണ്ടെങ്കിലും പ്രിയപ്പെട്ട മകനെകുറിച്ചുള്ള ഓർമ്മകൾ ഈ ഉമ്മയുടെ ഹൃദയത്തിൽ നിന്നും ഇത് വരെ മാഞ്ഞ് പോയിട്ടില്ല.
നാട്ടിക ജുമാമസ്ജിദിന് സമീപം താമസിക്കുന്ന പാണാട്ടുകായിൽ പരേതനായ ഇബ്രാഹിം മകൻ ഹമീദിനെ പതിനാല് വർഷം മുമ്പാണ് അബുദാബിയിൽ നിന്നും കാണാതാകുന്നത്. അബുദാബിയിലെ ലുലു സൂപ്പർമാർക്കറ്റിൽ ജീവനക്കാരനായിരുന്ന ഹമീദ് എട്ട് വർഷത്തെ പ്രവാസ ജീവിതത്തിനിടയിൽ മൂന്ന് തവണ നാട്ടിൽ വന്നിരുന്നു. സഹോദരിമാരുടെ വിവാഹത്തിൽ കൂടാനാണ് ഹമീദ് നാട്ടിലെത്തിയത്. അതിനിടയിൽ പിതാവിന് സുഖമില്ലാതായപ്പോഴും നാട്ടിലെത്തിയിരുന്നു. അവസാനം 10 ദിവസത്തെ അവധിക്കെത്തി തിരിച്ച് പോയി. അതിന് ശേഷമാണ് ഹമീദിനെ കാണാതാവുന്നത്. സഹോദരിയുടെ വിവാഹത്തിനും മറ്റും കൂട്ടുകാരിൽ നിന്ന് പണം കടം വാങ്ങിയിരുന്നതായി സഹോദരിമാർ പറഞ്ഞു. എന്നാൽ അത് അത്ര വലിയ തുകയായിരുന്നില്ലെന്നും അവർ പറയുന്നു. സാമ്പത്തിക ബുദ്ധിമുട്ടുകളാണ് സഹോദരന്റെ തിരോധാനത്തിന് കാരണമെന്ന് ഇവർ വിശ്വസിക്കുന്നു. എന്റെ ഇപ്പോഴത്തെ അവസ്ഥയിൽ നിങ്ങളെ നോക്കാൻ കഴിയില്ലെന്നും അതുകൊണ്ട് വാപ്പയും ഉമ്മയും സമാധാനത്തോടെ ജീവിക്കണമെന്നും 14 വർഷം മുമ്പ് അവസാനമായി വിദേശത്ത് നിന്നും ഹമീദ് വീട്ടുകാരോട് പറഞ്ഞിരുന്നു. അബുദാബിയിലെ ലുലു ഗ്രുപ്പിൽ നിന്നും ഹമീദ് തന്നെ നിർബന്ധമായി വിസ കാൻസൽ ചെയ്യിച്ചുവെന്നാണ് ഹമീദിന്റെ സുഹൃത്തുക്കളിൽ നിന്നും വീട്ടുകാർ അറിഞ്ഞിട്ടുള്ളത്. കാണാതാകുമ്പോൾ ഹമീദിന് 25 വയസ്സായിരുന്നു. ഹമീദിന്റെ പിതാവ് ഇബ്രാഹിം 10 വർഷം മുമ്പാണ് മരണപ്പെട്ടത്. ഹമീദിന് അഞ്ച് സഹോദരിമാരാണുള്ളത്. രണ്ട് സഹോദരിമാരെ വിവാഹം കഴിച്ച് നൽകിയത് ഹമീദ് തന്നെയാണ്. ഒരു സഹോദരിയുടെ വിവാഹം കൂടി ഇനി നടക്കാനുണ്ട്. സോഡിയം കുറയുന്ന അസുഖം ബാധിച്ച് കിടപ്പിലായ ഫാത്തിമയെ നോക്കുന്നത് പെൺമക്കൾ തന്നെയാണ്. ഹമീദിനെ കാണാതായത് മുതൽ മാനസികമായി തകർന്ന ഉമ്മ എപ്പോഴും മകനെ കാണണമെന്ന് പറഞ്ഞ് കരയാറുണ്ടെന്നും സഹോദരി സുലൈഖ പറഞ്ഞു. ഇപ്പോൾ തീരെ അവശയായ ഫാത്തിമക്ക് പ്രമേഹവും പ്രഷറും കൂടുതലാണ്. സോഡിയം കുറയുമ്പോൾ ഓർമ്മയും നഷ്ടപ്പെടും.
ഹമീദിനെ കണ്ടത്താൻ സഹായിക്കണമെന്നഭ്യർത്ഥിച്ച് നാട്ടികയിലെ ഹമീദിന്റെ സുഹൃത്തുക്കൾ സോഷ്യൽമീഡിയയിലൂടേയും അഭ്യർത്ഥന നടത്തുന്നുണ്ട്. കെ.എം.സി.സിയുടെ നേതൃത്വത്തിലും അന്വേഷണം നടക്കുന്നുണ്ട്. എന്തെങ്കിലും വിവരം ലഭിക്കുന്നവർ 9605845849(സഹോദരി), 8593964807, 00971508515349, 00971506826343 (ദുബായ് കെ.എം.സി.സി നാട്ടിക മണ്ഡലം ) ഈ നമ്പറുകളിൽ ബന്ധപ്പെടണം.