tn-prathapan-mp
തളിക്കുളത്തെ 1500 ഭവനങ്ങളിലേക്കുള്ള ജൈവ പച്ചക്കറി തൈ വിതരണോദ്ഘാടനം ടി.എൻ. പ്രതാപൻ എം.പി നിർവഹിക്കുന്നു.

തൃപ്രയാർ: അവശേഷിക്കുന്ന കൃഷിയിടങ്ങൾ സംരക്ഷിക്കാനും കൃഷി ചെയ്യാനും തയ്യാറായില്ലെങ്കിൽ ഏറ്റവും വലിയ ദുരന്തത്തെ നമ്മൾ തന്നെ നേരിടേണ്ടി വരുമെന്ന് ടി.എൻ. പ്രതാപൻ എം.പി. തളിക്കുളത്തെ 1500 ഭവനങ്ങളിലേക്കുള്ള ജൈവ പച്ചക്കറി തൈ വിതരണം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മനുഷ്യൻ പ്രകൃതിയെ മറന്നുകൊണ്ടുള്ള പ്രവർത്തനങ്ങളുമായി മുന്നോട്ട് പോയപ്പോഴാണ് പ്രകൃതിക്ഷോഭമായും ദുരന്തമായും നമ്മൾ വേട്ടയാടപ്പെട്ടതെന്നും എം.പി പറഞ്ഞു.

ജീവിതം കൃഷിക്കായി മാറ്റി വെച്ച കൃഷിയുമ്മ എന്ന ഫാത്തിമ ഉമ്മയോടുള്ള ആദരാസൂചകമായാണ് ടി.എൻ പ്രതാപൻ എം.പി എല്ലാ പുതുവത്സരദിനത്തിലും പച്ചക്കറി തൈ വിതരണം ചെയ്യുന്നത്. 13,14,15 വാർഡുകളിൽ മൂന്നു സ്ഥലങ്ങളിലായിട്ടാണ് തക്കാളി, വഴുതിന, മുളക്, കുറ്റി അമര, വെണ്ട, കോളിഫ്‌ളവർ, കാബേജ് തുടങ്ങിയ ജൈവ പച്ചക്കറി തൈ വിതരണം ചെയ്തത്. ഗ്രാമ പഞ്ചായത്ത് മെമ്പർമാരായ സുമന ജോഷി, ജീജ രാധാകൃഷ്ണൻ, ഷൈജ കിഷോർ, മുൻ പഞ്ചായത്ത് പ്രസിഡന്റ് പി.ഐ ഷൗക്കത്തലി, ഹരിത സമൃദ്ധി പ്രസിഡന്റ് പി.എസ് സുൽഫിക്കർ, കാർഷിക കൂട്ടായ്മ അംഗങ്ങൾ തുടങ്ങിയവർ സംസാരിച്ചു.