വടക്കാഞ്ചേരി: നാട്ടുകാരുടെ ഷീല ചേച്ചിയെ ഇനി മുതൽ വസ്ത്രം തയ്ക്കാനും, വെൽഡിംഗ് പണിക്കുമൊന്നും കിട്ടില്ല. വടക്കാഞ്ചേരി നഗരസഭയുടെ വൈസ് ചെയർപേഴ്‌സണായ ഷീല മോഹൻ ഇനി മുതൽ ജനസേവന രംഗത്ത് സജ്ജീവമാകും. വടക്കാഞ്ചേരി നഗരസഭയിലെ മാരാത്തുകുന്ന് ഡിവിഷനിൽ നിന്നും വിജയിച്ച ഷീല മോഹൻ ഒട്ടും പ്രതീക്ഷിച്ചതല്ല കൗൺസിലർ സ്ഥാനം.
ആമ്പല്ലൂരിലെ സാധാരണ ഈഴവ കുടുംബത്തിൽ ജനിച്ച ഷീല മോഹൻ മുപ്പത് വർഷം മുമ്പാണ് വടക്കാഞ്ചേരിയുടെ മരുമകളായി എത്തുന്നത്. ഭർത്താവ് മോഹനന് ഡ്രൈവർ ജോലിയാണ്. ഒരാളുടെ വരുമാനം കൊണ്ട് കുടുംബ കാര്യങ്ങൾ മുന്നോട്ടു കൊണ്ടുപോകാനുള്ള വിഷമം കണ്ട് ഷീല മോഹനനും തൊഴിലെടുക്കാൻ തയ്യാറായി. ആദ്യം തയ്യൽ ജോലിയായിരുന്നു. വേണ്ടത്ര വരുമാനം കിട്ടാതെ വന്നപ്പോൾ സ്ത്രീകൾ കടന്നു ചെല്ലാൽ മടിക്കുന്ന വെൽഡിംഗും ഷീല ചെയ്തു.
അത്താണിയിലെ ഇൻഡസ്ട്രിയൽ എസ്റ്റേറ്റിൽ ഗേറ്റുകൾ നിർമ്മിക്കുന്ന കമ്പനിയിലായിരുന്നു ജോലി. ഷീല മോഹനന്റെ മനക്കരുത്തിൽ തൊഴിലിന്റെ കാഠിന്യം പോലുമില്ലാതായി. ജീവിതം കരുപിടിപ്പിച്ച് മുന്നോട്ട് പോകുന്നതിനിടയിലാണ് കൊവിഡ് വന്നത്. ഇതോടെ ജോലി ചെയ്തിരുന്ന സ്ഥാപനം അടച്ചു. ഷീലയുടെ തൊഴിലും നഷ്ടമായി. പിന്നീടുള്ള അന്വേഷണത്തിലാണ് ' കുമ്പളങ്ങാടുള്ള ടയർ പൊടിക്കുന്ന കമ്പനിയിൽ ജോലി കിട്ടിയത്.
ഏറെ കഠിന മുള്ളതായിരുന്നു ആ ജോലിയും. ടയറുകൾ കത്തി കൊണ്ട് മുറിച്ച് കഷണമാക്കണം. ആദ്യമൊക്കെ കൈയ്യിൽ നിന്നും ചോര പൊടിയാൻ തുടങ്ങി. ഷീല മോഹൻ പിൻമാറിയില്ല. ഇതിനിടയിലാണ് നഗരസഭയിലേക്ക് മത്സരിക്കാനായി പാർട്ടി ആവ ശ്യപ്പെട്ടത്. അങ്ങനെ സി.പി.ഐയുടെ സ്ഥാനാർത്ഥിയായി കന്നിയങ്കം കുറിച്ചു. തിളക്കമാർന്ന വിജയവും നേടി.
വടക്കാഞ്ചേരി നഗരസഭയുടെ വൈസ് ചെയർപേഴ്‌സൺ സ്ഥാനം പ്രതീക്ഷിക്കാതെ തേടിയെത്തിയപ്പോൾ അത് ഷീല മോഹനന് ജീവിതത്തിൽ ഇരട്ടി മധുരമായി. സമൂഹത്തിലെ താഴെ തട്ടിലുള്ളവരുടെ ഉന്നമനത്തിനു വേണ്ടിയായിരിക്കും തന്റെ ഭാവി പ്രവർത്തനമെന്നാണ് ഷീല മോഹനന്റെ വാഗ്ദാനം.