1
വടക്കാഞ്ചേരിയിൽ നടന്ന സൗജന്യ ഡീസൽ വിതരണം ബീന ഉദ്ഘാടനം ചെയ്യുന്നു.

വടക്കാഞ്ചേരി: കൊവിഡ് കാലത്ത് പ്രതിസന്ധിയിലായ ഓട്ടോറിക്ഷാ തൊഴിലാളികൾക്ക് പുതുവത്സര സമ്മാനം നൽകി ദമ്പതികൾ. പാർളിക്കാട് കണ്ടംപുള്ളി വീട്ടിൽ ഐശ്വര്യ സുരേഷും ഭാര്യ ബീനയുമാണ് പുതുവർഷത്തിൽ വേറിട്ട സമ്മാനം ഒരുക്കിയത്. വടക്കാഞ്ചേരി ഷൊർണൂർ മേഖലകളിലെ 500 ഓളം ഓട്ടോറിക്ഷകളിൽ വിവിധ പമ്പുകളിൽ നിന്നായി 500 രൂപ വീതം നൽകി ഡീസൽ നിറച്ചു കൊടുത്തായിരുന്നു കാരുണ്യ പ്രവർത്തനം.

അമ്പതും നൂറുമായി വാഹന റാലികൾക്കു സമാനമായി ഓട്ടോറിക്ഷകൾ പെട്രോൾ പമ്പുകളിലെത്തിയതും കൗതുകക്കാഴ്ചയായി. 18 വർഷം മുൻപ് വടക്കാഞ്ചേരി മേഖലയിലെ ഓട്ടോ ടാക്‌സി ഡ്രൈവറും വർഷങ്ങൾക്കിപ്പുറം കെട്ടിട നിർമാണ കരാറുകാരനും ജീവകാരുണ്യ പ്രവർത്തകനുമായ സുരേഷിന് കൊവിഡ് കാലത്തെ ഓട്ടോറിക്ഷാ തൊഴിലാളികളുടെ ദുരിത ജീവിതം മനസിലാക്കാൻ അധികം സമയമെടുക്കേണ്ടി വന്നില്ല.

കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ഭൂരിഭാഗം പേരും ഓട്ടോറിക്ഷകളിലെ യാത്രകൾ വരെ വേണ്ടെന്നു വച്ചതും ഒരു വിഭാഗം ഡ്രൈവർമാരുടെ ഉപജീവനത്തിന് വലിയ വെല്ലുവിളിയായിരുന്നു. ഇവരിൽ പലരും സുരേഷിന് നേരിട്ട് അറിയാവുന്നവർ തന്നെയായിരുന്നു. തുടർന്നാണ് തനിക്ക് കഴിയുന്ന വിധം മുച്ചക്രമുരുട്ടി ഉപജീവനം നടത്തുന്ന വലിയൊരു വിഭാഗത്തിന് ഇന്ധനം നിറച്ചു നൽകാൻ തീരുമാനമെടുത്തത്. വടക്കാഞ്ചേരിയിലെ പെട്രോൾ പമ്പിൽ നടന്ന ഇന്ധനവിതരണം സുരേഷിന്റെ പത്‌നി ബീന ഉദ്ഘാടനം ചെയ്തു.