ചാലക്കുടി: ലോക്ക് ഡൗണിന് ശേഷം തുമ്പൂർമുഴി ഗാർഡൻ തുറന്നു. പുതുവർഷ പുലരിയിൽ 1500 ഓളം സഞ്ചാരികളെത്തി. ഇതിൽ കൂടുതലും പുഴയുടെ മറുകരയിലുള്ള ഏഴാറ്റുമുഖം സന്ദർശിച്ച ശേഷം തൂക്കുപാലം വഴി തുമ്പൂർമുഴിയിൽ എത്തിയവരാണ്.
കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് തുമ്പൂർമുഴി ഡാം ഗാർഡനിലേക്ക് ആളുകളെ കടത്തിവിട്ടത്. പത്തുവയസിന് താഴെയുള്ള കുട്ടികൾക്കും അറുപതിന് മുകളിൽ പ്രായമുള്ളവർക്കും പ്രവേശനമില്ല. മാസ്‌ക് നിർബന്ധമാണ്. കൊവിഡ് ലക്ഷണമുള്ളവരെ കവാടത്തിൽ തടഞ്ഞു തിരിച്ചുവിടും. വരുന്നവരുടെ വിവരങ്ങളും ഫോൺ നമ്പറും കമ്പ്യൂട്ടറിൽ ശേഖരിക്കുന്നുണ്ട്.
കുട്ടികളെ കടത്തിവിടാത്തത് മൂലം വാക്കുതർക്കമുണ്ടായി. ജില്ലാ പ്രമോഷൻ കൗൺസിലിന്റെ തീരുമാനപ്രകാരമുള്ള കൊവിഡ് മാനദണ്ഡങ്ങളാണ് ഇവിടെ നടപ്പാക്കുന്നത്. ഓൺ ലൈൻ ബുക്കിംഗ് തത്കാലം വേണ്ടെന്നാണ് തീരുമാനം. വരും ദിവസങ്ങളിൽ കൂടുതൽ വിനോദ സഞ്ചാരികൾ എത്തിത്തുടങ്ങുമെന്നാണ് പ്രതീക്ഷ.