friends-for-ever
പെരിഞ്ഞനത്തെ സ്‌നേഹ കൗണ്ടറിന്റെ ഉദ്ഘാടനം ഇ.ടി. ടൈസൺ എം.എൽ.എ നിർവഹിക്കുന്നു

കയ്പമംഗലം: വിശക്കുന്നവർക്ക് സൗജന്യ ഭക്ഷണവുമായി ഫ്രണ്ട്‌സ് ഫോർ എവർ ചാരിറ്റബിൾ ട്രസ്റ്റ്. ഇരിങ്ങാലക്കുടക്ക് പുറമെ പെരിഞ്ഞനത്തും സ്‌നേഹ കൗണ്ടർ സ്ഥാപിച്ച് ഒരു നേരത്തെ ഭക്ഷണത്തിന് ബുദ്ധിമുട്ടുന്നവർക്ക് അന്നമൂട്ടുകയാണ് ഈ കൂട്ടായ്മ. കയ്പമംഗലം ജനമൈത്രി പൊലീസുമായും പെരിഞ്ഞനം സുഭിക്ഷയുമായും സഹകരിച്ചാണ് പെരിഞ്ഞനത്ത് സ്‌നേഹ കൗണ്ടർ ആരംഭിച്ചിരിക്കുന്നത്.
തെരുവിൽ കഴിയുന്നവർക്കും ഒരു നേരത്തെ ഭക്ഷണത്തിനായി ബുദ്ധിമുട്ടുന്നവർക്കും ഇവിടെ നിന്നും ഭക്ഷണം എടുത്തു കഴിക്കാം. വെള്ളം, പഴം, ബിസ്‌കറ്റ് തുടങ്ങിയവ ഏത് നേരവും സ്‌നേഹകൗണ്ടറിൽ ഉണ്ടാകും. ഉച്ചക്ക് ഊണും ലഭിക്കും. ആർക്ക് വേണമെങ്കിലും ഭക്ഷണം കൊണ്ടുവെക്കാം. ഇരിങ്ങാലക്കുടയിൽ ഫ്രണ്ട്‌സ് ഫോർ എവർ തുടങ്ങി വെച്ച സ്‌നേഹ കൗണ്ടർ രണ്ട് വർഷമായി മുടങ്ങാതെ ഭക്ഷണം നൽകിവരുന്നതായും സംഘാടകർ പറഞ്ഞു.

പെരിഞ്ഞനത്തെ സ്‌നേഹ കൗണ്ടറിന്റെ ഉദ്ഘാടനം ഇ.ടി. ടൈസൺ എം.എൽ.എ നിർവഹിച്ചു. ഒരു മാസം സ്‌നേഹ കൗണ്ടറിലേക്ക് ഭക്ഷണത്തിനുള്ള തുക എം.എൽ.എ നൽകി. പെരിഞ്ഞനം പഞ്ചായത്ത് പ്രസിഡന്റ് വിനീത മോഹൻദാസ് അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്തംഗങ്ങളായ എൻ.കെ. അബ്ദുൾ നാസർ, കെ.എസ്. സുജ, സിവിൽ സപ്ലൈ ഓഫീസർ റാഫി പള്ളിപറമ്പിൽ, സുഭിക്ഷ ഹോട്ടൽ പ്രതിനിധി മൃദുല ഗിരീഷ്, യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റ് കെ.കെ. അഫ്‌സൽ, ഫ്രണ്ട്‌സ് ഫോർ എവർ ചാരിറ്റബിൾ ട്രസ്റ്റ് പ്രതിനിധികളായ പി.എം. നൗഷാദ്, ടി.എം. അബ്ദുൾ റഷീദ്, ദിലീപ് ഗണേഷ്, ഹരി ലോറ, കെ.എം. സുബ്രഹ്മണ്യൻ എന്നിവർ സംസാരിച്ചു.