കയ്പമംഗലം: പുതുവത്സര തലേന്നുണ്ടായ കനത്ത കാറ്റിൽ പെരിഞ്ഞനത്ത് വീട് തകർന്ന് വീണു. പെരിഞ്ഞനം വെസ്റ്റ് രണ്ടാം വാർഡിൽ കിഴക്കേ വളപ്പിൽ രാധയുടെ ഓട് മേഞ്ഞ വീടാണ് തകർന്ന് വീണത്. ഇന്നലെ രാത്രി എട്ടോടെയാണ് സംഭവം. തൊഴിലുറപ്പ് തൊഴിലാളിയായ രാധ തനിച്ചാണ് വീട്ടിൽ താമസിക്കുന്നത്. സംഭവ സമയം വീടിനകത്തുണ്ടായിരുന്ന രാധ വീട് തകർന്ന് വീഴുന്ന ശബ്ദം കേട്ട് പുറത്തേക്കോടി രക്ഷപ്പെടുകയായിരുന്നു. വീട് പൂർണമായും തകർന്നു വീണു. വീടിനകത്തുണ്ടായിരുന്ന ടി.വി, ഫ്രിഡ്ജ് തുടങ്ങീ വീട്ടുപകരണങ്ങൾക്കും കേടുപാടുകൾ സംഭവിച്ചു. ഇ.ടി. ടൈസൺ മാസ്റ്റർ എം.എൽ.എ, മതിലകം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.കെ. ഗിരിജ, വൈസ് പ്രസിഡന്റ് സി.എസ്. സലീഷ്, പെരിഞ്ഞനം പഞ്ചായത്ത് പ്രസിഡന്റ് വിനീത മോഹൻദാസ്, വൈസ് പ്രസിഡന്റ് സായിദ മുത്തുക്കോയ തങ്ങൾ, ബ്ലോക്ക്, പഞ്ചായത്തംഗങ്ങളും, ഉദ്യാഗസ്ഥരും സ്ഥലം സന്ദർശിച്ചു.