ചാലക്കുടി: വിധി വില്ലനായിരുന്നില്ലെങ്കിൽ ഇന്നലെ ചാലക്കുടി ഉത്സവ മേളം കൊണ്ട് ആറാടുമായിരുന്നു. കറുത്തമുത്ത് കലാഭവൻ മണിയുടെ അമ്പതാം പിറന്നാൾ ദിനത്തിൽ ആട്ടവും പാട്ടുമായി നഗരത്തിലെ യുവത്വം മണിക്കൊപ്പം ചുവടുകൾ വച്ചേനെ. കഴിഞ്ഞകാലങ്ങളിൽ ഈ ദിനം അങ്ങനെയായിരുന്നു. വലിപ്പ ചെറുപ്പമില്ലാതെ ചേനത്തുനാട്ടിലെ പാഡി ഇതിനായി മലർക്കെ തുറന്നിട്ടു. ചില പിറന്നാളുകൾക്ക് മറ്റ് പൊതുയിടങ്ങളും വേദിയായി.
യഥാർത്ഥത്തിൽ ക്രിസ്മസോടെ മണി ഗ്രാമത്തിൽ ആഘോഷത്തിന്റെ വിളക്ക് തെളിയും. നക്ഷത്രങ്ങളും തോരണങ്ങളുമായി പുൽക്കൂടും ഒരുക്കും. ഇതിന്റെ കൊട്ടിക്കലാശമായിരുന്നു കുന്നിശേരി രാമൻ മകൻ മണിയുടെ പിറന്നാൾ ആഘോഷം. ജന്മ നക്ഷത്രം മറ്റൊന്നാണെങ്കിലും ജനിച്ച ഇംഗ്ലീഷ് തിയതി തന്നെ ആഘോഷത്തിനായി തെരഞ്ഞെടുക്കുകയായിരുന്നു. എല്ലാ വർഷവും തുടർന്നുവന്ന ചടങ്ങുകളിൽ ഭക്ഷണം വിളമ്പലും കേക്കു വിതരണവും പൊടിപൊടിച്ചു. ഈ നാളിൽ മനവും വയറും നിറഞ്ഞായിരിക്കും നാട്ടുകാരുടെയും സുഹൃത്തുക്കളുടെയും മടക്കം.
മരണം സംഭവിച്ച 2016ൽ മാത്രം പിറന്നാൾ ആഘോഷിച്ചില്ല. ചികിത്സയുടെ ഭാഗമായി അന്നൊക്കെ ആശുപത്രിയിലായിരുന്നു. 2016 മാർച്ച് 6ന് സിനിമയും ആഘോഷങ്ങളുമില്ലാത്ത ലോകത്തേയ്ക്ക് നാട്ടുകാരുടെ പ്രിയപ്പട്ട താരം മടങ്ങി. ആ ഓർമ്മകളിൽ ലക്ഷക്കണക്കിന് ആരാധകരുടെ മനസ് ഇന്നും എരിയുന്നു. നാട്ടുകാർ പ്രളയത്തെയും കൊറോണയെയും നേരിട്ടപ്പോൾ മുണ്ടു മടക്കിക്കുത്തി മണി സഹായവുമായെത്തിയേനെ. എന്നാൽ ഇന്ന് ഇതെല്ലാം തെല്ല് തെക്കേപ്പുറത്തുറങ്ങുന്ന ഓർമ്മകളാണ്. ചേനത്തുനാട്ടിലെ മണിക്കൂടാരത്തിലും ആളനക്കമില്ല. ഭാര്യയും മകളും മറ്റൊരു സ്ഥലത്താണ്. മകളുടെ പഠനശേഷമേ നിമ്മി തിരിച്ചെത്തൂ. പ്രിയ കലാകാരന്റെ കല്ലറ തേടി ഇന്നും നിരവധിയാളുകൾ വന്നുപോകുന്നു. ആ ഓർമ്മകളുടെ നിശബ്ദതയിൽ ഇത്തിരിനേരം ഇരുന്ന് പുതിയകാലത്തിലേക്ക് യാത്രയാകുന്നു.