ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രത്തിലെ ഉപദേവതയായ ഇടത്തരികത്തു കാവിലമ്മയ്ക്ക് നാട്ടുകാർ നടത്തുന്ന പിള്ളേര് താലപ്പൊലി ഈ മാസം അഞ്ചിന് നടക്കുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. താലപ്പൊലി സംഘത്തിന്റെ ആഭിമുഖ്യത്തിൽ നാട്ടുകാരുടെ വഴിപാടായാണ് താലപ്പൊലി നടത്തുന്നത്. കൊവിഡ് മാനദണ്ഡങ്ങൾ പൂർണമായും പാലിച്ച് ആഘോഷങ്ങളില്ലാതെ ആചാരങ്ങൾ മാത്രമായാണ് ഇത്തവണ താലപ്പൊലി നടത്തുന്നത്.
ക്ഷേത്രത്തിനകത്ത് ഭഗവതിയുടെ എഴുന്നെള്ളിപ്പിന് ശങ്കരപുരം പ്രകാശൻ മാരാരുടെ നേതൃത്വത്തിൽ പഞ്ചവാദ്യം അകമ്പടി സേവിക്കും. ദേവസ്വം ആനത്തറവാട്ടിലെ കൊമ്പൻ ഇന്ദ്രസെൻ ഭഗവതിയുടെ കോലമേറ്റും. പഞ്ചവാദ്യം അവസാനിച്ച ശേഷം മേളത്തിന്റെ അകമ്പടിയിൽ ഭഗവതിയെ പുറത്തേക്ക് എഴുന്നള്ളിക്കും. മുൻ വർഷങ്ങളിൽ ഭഗവതിയുടെ എഴുന്നള്ളത്തിന് ആയിരക്കണക്കിന് നിറപറ ഒരുക്കിയാണ് ഭക്തർ സ്വീകരണം നൽകുക പതിവ്.
എന്നാൽ ഇത്തവണ കൊവിഡ് മാനദണ്ഡങ്ങൾ നിലവിലുള്ളതിനാൽ ഭക്തർക്ക് പറവയ്ക്കാൻ സൗകര്യമുണ്ടാകില്ലെന്ന് സംഘാടകർ അറിയിച്ചു. ദ്രവ്യങ്ങൾ നിറച്ച 11 പറകൾ മാത്രമേ ഉണ്ടാകുകയുള്ളൂ. പറയെടുപ്പിന് ശേഷം നാദസ്വരത്തോടെ കുളപ്രദക്ഷിണം ചെയ്ത് ക്ഷേത്രത്തിനകത്തേക്ക് പ്രവേശിച്ച് ചടങ്ങ് അവസാനിപ്പിക്കും. തുടർന്ന് രാത്രി ഒമ്പതിനുള്ള എഴുന്നെള്ളിപ്പിനുശേഷം ഭഗവതിക്ക് കളംപാട്ടും ഉണ്ടായിരിക്കും.
വാർത്താ സമ്മേളനത്തിൽ താലപ്പൊലി സംഘം പ്രസിഡന്റ് എൻ. പ്രഭാകരൻ നായർ, സെക്രട്ടറി ഇ. കൃഷ്ണാനന്ദ്, വൈസ് പ്രസിഡന്റ് കെ. വിദ്യാസാഗർ, മോഹൻദാസ് ചേലനാട്ട് എന്നിവർ പങ്കെടുത്തു.