തൃശൂർ: മെഡിക്കൽ കോളേജിൽ ആർ.എം.ഒ, ഡെപ്യൂട്ടി സൂപ്രണ്ട് എന്നിവർ പദവികൾ ഒഴിഞ്ഞതും പല പ്രധാന തസ്തികകൾ ഒഴിഞ്ഞു കിടക്കുന്നതും പ്രതിസന്ധികൾക്ക് ഇടയാക്കുന്നു. പല വകുപ്പൂ മേധാവികളുടെ സ്ഥാനങ്ങൾ വർഷങ്ങളായി ഒഴിഞ്ഞു കിടന്നിട്ടും നികത്താൻ വേണ്ട നടപടികൾ ആരംഭിച്ചിട്ടില്ല. ഇന്നലെ ആർ.എം.ഒ ഡോ. മുരളീധരനും ഡെപ്യൂട്ടി സൂപ്രണ്ട് ഡോ. സന്തോഷും പദവികൾ രാജിവെച്ചിരുന്നു . വ്യക്തിപരമായ കാരണങ്ങളാണ് കാരണമായി ചൂണ്ടിക്കാണിച്ചിരിക്കുന്നത്.എന്നാൽ അമിത രാഷ്ട്രീയ ഇടപെടലുകൾ ആണ് എന്നാണ് അറിയുന്നത്. കൊവിഡ് പ്രവർത്തനങ്ങളുടെ മെഡിക്കൽ കോളേജിലെ നോഡൽ ഓഫീസറുമാണ് മുരളീധരൻ. ഇതിന്റെ അമിത ജോലിഭാരവും പദവി ഒഴിയുന്നതിന് കാരണമായി ചൂണ്ടികാണിക്കപ്പെടുന്നു. കൊവിഡിന്റെ ചുമതല രണ്ട് മാസം വീതം മാറി മാറി വരുന്ന പ്രക്രിയയാണ്. അതുകൊണ്ട് രാജിക്കുള്ള കാരണമായി ഇതിനെ വിലയിരുത്താനാകില്ലെന്നും പറയുന്നു. ഡോ. സന്തോഷിന്റെ രാജിക്ക് കാരണമായി പറയുന്നത് ആരോഗ്യ പ്രശ്നങ്ങളാണ്. ഏതാനും ദിവസം മുമ്പ് ആശുപത്രിയിൽ പ്രവേശിപ്പിച്ച ഒരു എം.എൽ.എയുടെ ചികിത്സയ്ക്കായി പ്രത്യേക ഐ.സി.യു ഉണ്ടാക്കിയതുമായി ബന്ധപ്പെട്ട് മെഡിക്കൽ കോളേജിൽ മുറുമുറുപ്പ് ഉയർന്നിരുന്നു. എന്നാൽ ഇവരുടെ മാറ്റത്തിന് ഇതുമായി ബന്ധമില്ലെന്നും ചുണ്ടിക്കാണിക്കപ്പെടുന്നു. ഡെപ്യൂട്ടി ആർ.എം.ഒയായ ഡോ. രാധികയ്ക്ക് ആയിരിക്കും പുതിയ ചുമതലയെന്നാണ് സൂചന.
സെക്യൂരിറ്റി ഓഫീസർ ഇല്ലാതായിട്ട് ഒന്നര വർഷം
ആയിരക്കണക്കിന് രോഗികളും മറ്റുള്ളവരും ദിവസവും എത്തുന്ന മെഡിക്കൽ കോളേജിൽ സുരക്ഷായുടെ ഭാഗമായി ഉള്ള സെക്യൂരിറ്റി ഓഫീസർ തസ്തിക ഒന്നര വർഷമായി ഒഴിഞ്ഞു കിടക്കുകയാണ്. ആശുപത്രി, നഴ്സിംഗ് കോളേജ്, ട്രഷറി, കൊവിഡ് ആശുപത്രി തുടങ്ങി നിരവധി സ്ഥാപനങ്ങൾ സ്ഥിതി ചെയുന്ന മെഡിക്കൽ കോളേജിൽ ആണ് ഗുരുതരമായ സുരക്ഷ പാളിച്ച നിലനിൽക്കുന്നത്. റേഡിയോളജി, മെഡിസിൻ, സൈക്യാട്രി വിഭാഗത്തിൽ വകുപ്പ് മേധാവികൾ ഇല്ല. പല പ്രൊഫസർ, അസി. പ്രൊഫസർ തസ്തികകളും ഒഴിഞ്ഞു കിടക്കുകയാണ്.