തൃശൂർ: കാർഷിക ബില്ലിനെതിരെ കേരളം പാസാക്കിയ പ്രമേയം കേന്ദ്രത്തിന് അയയ്ക്കില്ലെന്ന ഗവർണറുടെ നിലപാട് സാങ്കേതിക കാരണങ്ങൾ കൊണ്ടാണെങ്കിൽ അത് പരിഹരിക്കാൻ സംസ്ഥാന സർക്കാരിന് കഴിയുമെന്ന് കൃഷിമന്ത്രി വി.എസ്. സുനിൽകുമാർ പറഞ്ഞു.
നിയമസഭ പാസാക്കിയ പ്രമേയം സാധാരണ നിലയിൽ ഗവർണർ അയയ്ക്കേണ്ടതാണ്. പ്രമേയം കേന്ദ്രത്തിന് അയയ്ക്കുന്നതിന് നിലവിൽ സാങ്കേതിക പ്രശ്നങ്ങളൊന്നുമില്ലെന്നാണ് കരുതുന്നത്. പ്രമേയം കേന്ദ്രത്തിന് അയയ്ക്കണമെന്ന് ഗവർണറോട് ആവശ്യമെങ്കിൽ സർക്കാർ ആവശ്യപ്പെടും. കേന്ദ്രം പാസാക്കിയ കർഷക നിയമത്തിനെതിരെ കർഷക സംഘടനകളുമായി കൂടിയാലോചിച്ച ശേഷമേ സുപ്രീം കോടതിയെ സമീപിക്കൂവെന്നും മന്ത്രി പറഞ്ഞു.
നിയമസഭാ പ്രമേയം
ചീഫ് സെക്രട്ടറി വഴി
കേന്ദ്രത്തിലേക്ക്
തിരുവനന്തപുരം: കേന്ദ്ര കാർഷിക നിയമങ്ങൾ റദ്ദാക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാന നിയമസഭ ഐകകണ്ഠ്യേന പാസ്സാക്കിയ പ്രമേയം കേന്ദ്രസർക്കാരിന് അയക്കുന്നതിന് ചീഫ് സെക്രട്ടറിക്ക് കൈമാറി.
നിയമസഭ പാസാക്കിയ പ്രമേയം കിട്ടിയില്ലെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. നിയമസഭ പാസാക്കുന്ന പ്രമേയങ്ങൾ ഗവർണർക്ക് അയക്കേണ്ടതില്ലെന്നാണ് നിയമവൃത്തങ്ങൾ പറയുന്നത്. ബില്ലുകൾ മാത്രമാണ് ഗവർണറുടെ അംഗീകാരത്തോടെ രാഷ്ട്രപതിക്ക് അയയ്ക്കാറ്.
കർഷകപ്രശ്നത്തിൽ നിയമസഭയുടെ പ്രത്യേക സമ്മേളനം വിളിച്ചുചേർക്കുന്നതിൽ നേരത്തേ ഗവർണറും സർക്കാരും തമ്മിലിടഞ്ഞിരുന്നു. ഡിസംബർ 23ന് സഭചേരാൻ ശുപാർശ ചെയ്തെങ്കിലും ഗവർണർ നിരസിച്ചിരുന്നു. വീണ്ടും മന്ത്രിസഭായോഗം ചേർന്നാണ് 31ന് സമ്മേളനം വിളിച്ചുചേർക്കാൻ ശുപാർശ ചെയ്തതും ഗവർണർ അനുമതി നൽകിയതും.