koal

തൃശൂർ: തൃശൂർ - പൊന്നാനി കോൾക്കൃഷി മേഖലയിൽ വിപുലമായ പദ്ധതിയുമായി സംസ്ഥാന സർക്കാരും കൃഷി വകുപ്പും. വർഷം 280 കോടിയുടെ നെല്ലുത്പാദനമെന്ന ലക്ഷ്യം മുൻനിർത്തിയാണ് പദ്ധതികളാവിഷ്‌കരിച്ചത്. റീ ബിൽഡ് കേരള ഇനീഷ്യേറ്റീവിന്റെ ഭാഗമായി 298 കോടിയുടെ പദ്ധതികൾ നടപ്പാക്കും. ഇതുപ്രകാരം 13,350 ഹെക്ടർ സ്ഥലത്താണ് നെൽക്കൃഷിയിറക്കുക. ഒരു വർഷം 280 കോടിയുടെ നെല്ല് ലഭിക്കും. ഒരു ലക്ഷം മെട്രിക് ടൺ നെല്ലുത്പാദനമാണ് കൃഷിവകുപ്പ് ലക്ഷ്യമിടുന്നത്.

ചാലുകളിലെ ചെളി നീക്കും

ബണ്ട് ബലപ്പെടുത്തും

കോൾനിലങ്ങളിലെ പ്രധാന ചാലുകളിലും ഉൾച്ചാലുകളിലും അടിഞ്ഞ ചെളിയും മണ്ണും നീക്കുകയും ബണ്ട് ബലപ്പെടുത്തുകയും ചെയ്യുക, എൻജിൻ തറകളും പമ്പ് ഹൗസുകളും നിർമ്മിക്കുക, കോൾ നിലങ്ങളിലെ ഫാം റോഡുകളും റാമ്പും സ്ലൂയിസുകളും നിർമ്മിക്കുക എന്നീ പ്രവൃത്തികൾക്കായി 235 കോടിയാണ് നീക്കിവെച്ചിട്ടുള്ളത്. ഇതിൽ 85 കോടിയുടെ ടെൻഡർ നടപടി പൂർത്തിയായി. നിർമ്മാണ പ്രവർത്തനം പേരാമംഗലം മുതൽ ആരംഭിച്ചു കഴിഞ്ഞു. കേരള ലാൻഡ് ഡെവലപ്‌മെന്റ് കോർപറേഷനാണ് നിർമ്മാണ ചുമതല.

പെട്ടിപറകൾക്ക് പകരം

സബ്‌മേഴ്‌സിബിൾ പമ്പുകൾ

പെട്ടിപറകൾക്ക് പകരം വൈദ്യുതി ചെലവ് കുറഞ്ഞതും കൂടുതൽ കാര്യക്ഷമവുമായ സബ്‌മേഴ്‌സിബിൾ പമ്പുകൾ സ്ഥാപിക്കും. പ്രവൃത്തികൾക്കായി കൃഷി വകുപ്പിന്റെ എൻജിനീയറിംഗ് വിഭാഗത്തിന്റെ നേതൃത്വത്തിൽ 57 കോടിയുടെ ടെൻഡർ നടപടി ആരംഭിച്ചു.

പുതിയ ട്രാൻസ്‌ഫോർമറുകൾ

പുതിയ ട്രാൻസ്‌ഫോർമറുകളും സി.എഫ്.പി.ഡികളും സ്ഥാപിക്കുന്നതിനായി 3.76 കോടിയുടെ പദ്ധതി കെ.എസ്.ഇ.ബി മുഖേന നടപ്പാക്കും. കോൾപ്പാടത്ത് എവിടെയെങ്കിലും വൈദ്യുതി തകരാർ ഉണ്ടായാൽ പെട്ടെന്ന് അത് എവിടെയെന്ന് എളുപ്പത്തിൽ കണ്ടെത്തി പരിഹരിക്കാൻ സി.എഫ്.പി.ഡി മുഖേന കഴിയും.

റോട്ടോ പഡ്‌ലർ കെയ്‌കോ മുഖേന വാങ്ങും

ഇറിഗേഷൻ കനാലുകളിലെ കുളവാഴ, ചണ്ടി, മറ്റ് തടസങ്ങൾ എന്നിവ നീക്കം ചെയ്യുന്നതിന് ആവശ്യമായ ഡ്രെഡ്ജറുകൾ, നടീൽ യന്ത്രങ്ങൾ, കളകൾ അടിച്ച് ചേർത്ത് പാടം നിരത്തുന്നതിനായുള്ള റോട്ടോ പഡ്‌ലർ എന്നിവ കെയ്‌കോ മുഖേന വാങ്ങും. ഇതിന് 2.5 കോടി വകയിരുത്തി.

ജിയോ ടാഗിംഗും ജിയോ മാപ്പിംഗും

ജിയോ ടാഗിംഗ്, ജിയോ മാപ്പിംഗ് ഡോക്കുമെന്റേഷൻ എന്നീ പ്രവർത്തനങ്ങൾ ആരംഭിച്ചുകഴിഞ്ഞു. 25 ലക്ഷം രൂപയുടെ പ്രവർത്തനങ്ങളാണ് നടക്കുന്നത്.

ഒന്നാംഘട്ട പദ്ധതികളുടെ ഉദ്ഘാടനം നാളെ


പൊന്നാനി കോൾ സമഗ്ര വികസന പദ്ധതിയുടെയും ഹോർട്ടികോർപ്പ് സംഭരണ വിപണന കേന്ദ്രത്തിന്റെയും ഉദ്ഘാടനം നാളെ രാവിലെ 11 ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. ഒളരിക്കര ദേവസ്വം ദുർഗാഞ്ജലി ഹാളിൽ നടക്കുന്ന ചടങ്ങിൽ ഓൺലൈനായാണ് മുഖ്യമന്ത്രി ഉദ്ഘാടനം നിർവഹിക്കുക. മന്ത്രി വി.എസ്. സുനിൽകുമാർ അദ്ധ്യക്ഷത വഹിക്കും. മന്ത്രിമാരും മറ്റു ജനപ്രതിനിധികളും പങ്കെടുക്കും. തൃശൂർ - പൊന്നാനി കോൾ വികസനം ഒന്നാംഘട്ടം നബാർഡ് സഹായത്തോടെ നടത്തിയ 123 കോടിയുടെ പ്രവൃത്തികളുടെ സമർപ്പണമാണ് നടക്കുക. ഹോർട്ടികോർപ്പിന്റെ കൂർക്കഞ്ചേരിയിൽ പുതുതായി ആരംഭിക്കുന്ന സംഭരണ കേന്ദ്രത്തിന്റെയും തൃശൂർ ആസ്ഥാനമായി ആരംഭിക്കുന്ന രണ്ട് സ്റ്റാളുകളുടെയും ഉദ്ഘാടനവും നടക്കും.