kkk

കാഞ്ഞാണി : അപകടാവസ്ഥയിലായ കാഞ്ഞാണി പെരുമ്പുഴ വലിയപാലം ബലപ്പെടുത്തൽ നിർമ്മാണപ്രവർത്തനം അവസാനഘട്ടത്തിലേക്ക്. ജനുവരി 15ഓടെ തുറക്കാനുള്ള ശ്രമത്തിലാണ് അധികൃതർ. ബലക്ഷയം സംഭവിച്ച നാല് സ്പാനുകളിൽ മൂന്നെണ്ണം പൂർണ്ണമായി ബലപ്പെടുത്തി. ഇനി ഒരെണ്ണം കൂടിയാണ് ബലപ്പെടുത്താനുള്ളത്. അതിനുള്ള ഗർഡറുകൾ സ്ഥാപിക്കാനുള്ള ഒരുക്കം ഇന്നലെ മുതൽ തുടങ്ങി. അതും പൂർത്തീകരിച്ച് മുകൾഭാഗത്തെ ടാറിംഗ് അടർത്തി മാറ്റി കോൺക്രീറ്റും പഴയ കൈവരികളും മാറ്റി പുതിയ കൈവരി സ്ഥാപിക്കാനുള്ള അറ്റകുറ്റപണിയാണ് പൂർത്തിയാകാനുള്ളത്.

15ന് മുമ്പായി എല്ലാ അറ്റകുറ്റപണികളും പൂർത്തീകരിക്കാനുള്ള ദ്രുതഗതിയിലുള്ള നിർമ്മാണ പ്രവർത്തനങ്ങളാണ് നടക്കുന്നതെന്ന് നിർമ്മാണ കമ്പനി പ്രതിനിധികൾ പറഞ്ഞു.

തൃശൂർ വാടാനപ്പിള്ളി സംസ്ഥാന പാതയിൽ നിലനിൽക്കുന്ന പെരുമ്പുഴ വലിയപാലം അപകടത്തിലായതിനെ തുടർന്ന് പാലം ബലപ്പെടുത്താൻ ആഗസ്റ്റ് 14ന് 60.60 ലക്ഷത്തിന്റെ എസ്റ്റിമേറ്റ് ഭരണാനുമതിക്കായി സമർപ്പിച്ച് അനുമതി കിട്ടാൻ വൈകിയത് വിവാദത്തിന് ഇടയാക്കിയിരുന്നു. ഇ - ടെൻഡറിൽ ആരും തന്നെ പങ്കെടുക്കാത്തതിനാൽ രണ്ടാമതും റീ ടെൻഡർ നടത്തിയെങ്കിലും നിലവിലുള്ള എസ്റ്റിമേറ്റിൽ കൂടുതലാണ് രണ്ട് കമ്പനികളും ടെൻഡർ വെച്ചത്. ഇതോടെ പാലം ബലപ്പെടുത്തൽ നീണ്ടുപോകുമെന്നുള്ള ആശങ്കയിൽ മണലൂർ എം.എൽ.എ മുരളി പെരുനെല്ലിയുടെ ഇടപെലിലൂടെ അഞ്ച് ശതമാനം കുറച്ച് നിർമ്മാണപ്രവർത്തനം ഏറ്റെടുക്കാൻ തൃശൂരിലെ സി 2 കമ്പനി തയ്യാറാകുകയായിരുന്നു.


അപകടാവസ്ഥയിലായ കാഞ്ഞാണി പെരുമ്പുഴ വലിയ പാലം ബലപ്പെടുത്തി ജനുവരി 15ഓടെ തുറന്നു കൊടുക്കാനുള്ള ശ്രമത്തിലാണ്. അതിന് മുമ്പായി എല്ലാ ബലപ്പെടുത്തൽ നിർമ്മാണങ്ങളും പൂർത്തീകരിച്ച് മേൽ ഉദ്യോഗസ്ഥരുടെ മേൽനോട്ടത്തിൽ പരിശോധന നടത്തിയ ശേഷമായിരിക്കും തുറന്നുകൊടുക്കുക.


രാജൻ, അസി. എൻജിനീയർ

ബ്രിഡ്ജ് വിഭാഗം ചാവക്കാട്