മാള: മാള ഗുരുധർമ്മം മിഷൻ ആശുപത്രിക്ക് നേരെ നടന്ന ആക്രമണത്തെ അപലപിച്ച് സി.പി.എം നേതൃത്വം. കുറ്റക്കാർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നും പ്രതികളെ സംരക്ഷിക്കുന്ന നിലപാട് പാർട്ടി സ്വീകരിക്കില്ലെന്നും സി.പി.എം മാള ഏരിയ കമ്മിറ്റി നേതാക്കൾ വ്യക്തമാക്കി.
മികച്ച രീതിയിൽ പ്രവർത്തിക്കുന്ന ആശുപത്രിയിലേക്ക് യാതൊരു കാരണവും കൂടാതെ അതിക്രമിച്ച് കയറി ഡോക്ടറും നഴ്സും അടക്കമുള്ള ജീവനക്കാരെ ദേഹോപദ്രവം ഏൽപ്പിച്ച സംഭവം ന്യായീകരണമില്ലാത്തതാണ്. പ്രതികൾ സി.പി.എം പ്രവർത്തകരാണെന്ന ആരോപണം സംബന്ധിച്ച് ലോക്കൽ കമ്മിറ്റി അന്വേഷണം നടത്തി, യുക്തമായ നടപടി സ്വീകരിക്കുമെന്നും നേതാക്കൾ വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ സംഭവത്തിന് ശേഷം ചില പ്രാദേശിക നേതാക്കൾ പ്രതികൾക്കായി ആശുപത്രി അധികൃതരെ ബന്ധപ്പെട്ടിരുന്നതായി സൂചനയുണ്ട്.
അതേസമയം പാർട്ടി ഏരിയ കമ്മിറ്റിയിലെ ചില നേതാക്കൾ ആശുപത്രി അധികൃതർക്ക് പിന്തുണ നൽകി രംഗത്തെത്തി. കണ്ടാലറിയാവുന്ന ഏഴ് പേർക്കെതിരെ ജാമ്യം ലഭിക്കാത്ത വകുപ്പ് പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തതെന്നും പ്രതികൾ ഒളിവിലാണെന്ന് മാള എസ്.എച്ച്.ഒ സജിൻ ശശി വ്യക്തമാക്കി. അതിക്രമിച്ചുകയറൽ, ആശുപത്രിയിലേക്ക് അതിക്രമിച്ചു കയറി ജീവനക്കാരെ ദേഹോപദ്രവം ഏൽപ്പിക്കൽ , വസ്തുവകകൾ നശിപ്പിക്കൽ തുടങ്ങിയ വകുപ്പുകളിട്ടാണ് കേസെടുത്തത്. അതിനിടെ നിരീക്ഷണ കാമറയിലെ ദൃശ്യങ്ങൾ സാമൂഹിക മാദ്ധ്യമങ്ങളിൽ വൈറലാകുകയും ചെയ്തു.