തൃശൂർ: വിദഗ്ദ്ധ ചികിത്സാ ആനുകൂല്യത്തിന് കൊവിഡ് മൂലം യഥാസമയം റിട്ടേൺ സമർപ്പിക്കാൻ കഴിയാതിരുന്ന തൊഴിലുടമകൾക്കും തൊഴിലാളികൾക്കും കൂടുതൽ സമയം അനുവദിച്ച് എംപ്ലോയീസ് സ്‌റ്റേറ്റ് ഇൻഷ്വറൻസ് കോർപറേഷൻ. 2021 ജനുവരി 15 വരെ റിട്ടേൺ സമർപ്പിക്കാമെന്നാണ് ഇ.എസ്.ഐയുടെ പുതിയ പ്രഖ്യാപനം.
പുതുവർഷ പ്രഖ്യാപനമെന്നോണമാണ് ഇ.എസ്.ഐ ഡയറക്ടർ രാകേഷ് കുമാർ ഒപ്പുവെച്ച ഉത്തരവ് 2021 ജനുവരി 1 ന് പുറത്തിറങ്ങിയത്. രാജ്യത്തെ ലക്ഷക്കണക്കിന് തൊഴിലാളികൾക്കും തൊഴിലുടമകൾക്കും ഗുണകരമാകുന്ന പ്രഖ്യാപനമാണിത്. തൊഴിലാളികളുടെ ആശ്രിതർക്കുള്ള വിദഗ്ദ്ധ ചികിത്സാ ആനുകൂല്യത്തിനും പ്രഖ്യാപനം ഗുണകരമാകും.
ഇ.എസ്.ഐ കോർപറേഷനിൽ രജിസ്റ്റർ ചെയ്തവർക്ക് വിദഗ്ദ്ധ ചികിത്സാ ആനുകൂല്യത്തിന് ഏപ്രിൽ മുതൽ സെപ്തംബർ വരെയുള്ള ആറ് മാസക്കാലയളവിൽ 78 ദിവസത്തെ ഹാജർ വേണമെന്നാണ് ചട്ടം. കൃത്യമായി റിട്ടേൺ സമർപ്പിക്കുകയും വേണം. ജനുവരി മുതൽ ജൂൺ വരെയുള്ള മാസങ്ങളിലാണ് ഇതിന്റെ ചികിത്സാ ആനുകൂല്യം ലഭ്യമാകുക. എന്നാൽ കൊവിഡും ലോക്ക് ഡൗണും മൂലം മിക്ക തൊഴിൽ സ്ഥാപനങ്ങളും ഇക്കാലയളവിൽ പ്രവർത്തിച്ചില്ല.
പലതിന്റെയും പ്രവർത്തനം ഭാഗികമായിരുന്നു. ഇതെല്ലാം കാരണം മിക്കവർക്കും 78 ദിവസത്തെ ഹാജർ ഉണ്ടായിരുന്നില്ല. ഭൂരിഭാഗം സ്ഥാപനങ്ങൾക്കും ഈ സമയങ്ങളിലെ റിട്ടേൺ പോലും യഥാസമയം സമർപ്പിക്കാനായില്ല. കൊവിഡ് സാഹചര്യത്തിൽ നിരവധി പേർക്ക് വിദഗ്ദ്ധ ചികിത്സാ ആനൂകൂല്യം നഷ്ടമാകുമെന്ന ഈ അവസ്ഥ മുന്നിൽക്കണ്ടാണ് എംപ്ലോയീസ് സ്‌റ്റേറ്റ് ഇൻഷ്വറൻസ് കോർപറേഷന്റെ പുതിയ തീരുമാനം.