തൃശൂർ. കെ. എസ്. ആർ. ടി. സി ഹിതപരിശോധനയിൽ ഭരണ കക്ഷി യൂണിയനുകളായ സി. ഐ.ടി.യു - എ. ഐ. ടി. യു. സി സംഘടനകൾക്ക് വൻ വോട്ട് ചോർച്ച. സി. ഐ.ടി. യു ഭൂരിപക്ഷം നേടിയെങ്കിലും കഴിഞ്ഞ തവണ ലഭിച്ച വോട്ടിനേക്കാൾ നേർപകുതി വോട്ട് മാത്രമാണ് ലഭിച്ചത്. കഴിഞ്ഞ തവണ 864 വോട്ട് ലഭിച്ചപ്പോൾ ഇപ്രാവശ്യം 438 വോട്ടായി കുറഞ്ഞു.
എ. ഐ. ടി. യു.സി ക്ക് 369 വോട്ട് ഉണ്ടായിരുന്നത് 169 വോട്ടായി ചുരുങ്ങി. കോൺഗ്രസ് അനുകൂല സംഘടനയായ ഐ. എൻ. ടി. യു.സിക്കും വോട്ട് കുറഞ്ഞു. അതേസമയം ഹിതപരിശോധനയിൽ ആദ്യമായി അംഗീകാരം ലഭിച്ച ബി. എം. എസ്, സ്വതന്ത്ര സംഘടനയായ വെൽഫെയർ അസോസിയേഷനുകൾ വലിയ നേട്ടം കൈവരിച്ചു. കഴിഞ്ഞ തവണ 43.74 ശതമാനം വോട്ട് നേടിയ സി. ഐ. ടി.യുവിന് ഇത്തവണ 33.46 ശതമാനം വോട്ട് കുറഞ്ഞു. എ. ഐ. ടി. യു. സിക്ക് അഞ്ചു ശതമാനത്തോളം വോട്ട് നഷ്ടപെട്ടു. 16.47 എന്നത് 12.91 ആയി.
സ്വതന്ത്ര യൂണിയൻ, എസ്.ടി.യു എന്നിവരുടെ പിന്തുണയുള്ള ഐ. എൻ. ടി. യു.സിക്ക് 27.21 ശതമാനം പേരുടെ പിന്തുണ ഉണ്ടായിരുന്നെങ്കിൽ ഇത്തവണ 22.21 ആയി. ബി എം.എസിന് കഴിഞ്ഞ തവണത്തേക്കാൾ പത്തു ശതമാനം വോട്ടാണ് കൂടുതൽ ലഭിച്ചത്. കഴിഞ്ഞ തവണ 6.48 ശതമാനം ഉണ്ടായിരുന്നത് 17.64 ആയി. കെ.എസ്.ആർ.ടി.സിയിൽ നിലനിൽക്കുന്ന പ്രതിസന്ധിയിൽ ഭരണ കക്ഷി യൂണിയനുകൾ ശക്തമായ ഇടപെടൽ നടത്താതിരുന്നതാണ് പിന്തുണ നഷ്ടപെടാൻ ഇടയാക്കിയതെന്നാണ് വിലയിരുത്തൽ. ജീവനക്കാരുടെ ശമ്പളം, ശമ്പള പരിഷ്കരണം, മറ്റ് ആനുകൂല്യങ്ങൾ, യൂണിഫോം അലവൻസ് എന്നിവ കൃത്യമായി ലഭിക്കാത്തതും തിരിച്ചടിയായി. 2016 ലെ തിരഞ്ഞെടുപ്പിൽ തൃശൂർ, മാള, ഗുരുവായൂർ, ചാലക്കുടി എന്നീ ഡിപ്പോകളിൽ വലിയ ഭൂരിപക്ഷം നേടിയിരുന്നത് ഇത്തവണ വളരെ കുറഞ്ഞു. തൃശൂർ ഡിപ്പോയിൽ കഴിഞ്ഞ തവണ 249 വോട്ട് ഉണ്ടായിരുന്നത് 112 ആയി.
ഓരോ യൂണിയനുകൾക്ക് ലഭിച്ച വോട്ട്.
കഴിഞ്ഞ വർഷത്തേത് ബ്രാക്കറ്റിൽ