കയ്പമംഗലം: സി.സി.ടി.വി കാമറകൾ പ്രവർത്തിക്കാത്തതിനാൽ തീരദേശത്ത് മോഷണം വർദ്ധിക്കുന്നു. മോഷണങ്ങൾക്കും മോഷണ ശ്രമങ്ങൾക്കും തുമ്പ് ലഭിക്കാത്തത് പൊലീസിനും തലവേദന സൃഷ്ടിക്കുന്നുണ്ട്. പ്രതികളെ പിടികൂടാൻ കഴിയാത്തത് വലിയ രീതിയിലുള്ള വിമർശനത്തിനും ഇടയാക്കുന്നുണ്ട്.
പെരിഞ്ഞനം പഞ്ചായത്തോഫീസിൽ നിന്ന് മുക്കാൽ ലക്ഷത്തോളം രൂപയാണ് കഴിഞ്ഞ ദിവസം മോഷണം പോയത്. ഡിജിറ്റൽ സംവിധാനവും, വിരൽത്തുമ്പിൽ സേവനം തുടങ്ങി ഹൈടെക്ക് പഞ്ചായത്തെന്ന മികവിൽ ഏറെ ശ്രദ്ധിക്കപെട്ട പെരിഞ്ഞനം പഞ്ചായത്ത് ഓഫീസിലും സി.സി.ടി.വിയില്ലാത്തത് വിമർശനത്തിന് ഇടയാക്കുന്നുണ്ട്. കഴിഞ്ഞ ഡിസംബറിൽ ചെന്ത്രാപ്പിന്നിയിലും, കയ്പമംഗലത്തും മോഷണങ്ങൾ നടന്നു. ചെന്ത്രാപ്പിന്നിയിൽ അടച്ചിട്ട വീട് കുത്തി തുറന്നാണ് 5000 രൂപയും, ലാപ്ടോപ്പും, വില പിടിപ്പുള്ള വാച്ചും മോഷ്ടാക്കൾ കവർന്നത്. വീട്ടിൽ സി.സി.ടി.വി ഉണ്ടായിരുന്നെങ്കിലും സി.സി.ടി.വി തകരാർ കാരണം ദ്യശ്യങ്ങൾ തെളിഞ്ഞിരുന്നില്ല. കയ്പമംഗലം ചളിങ്ങാട് അടച്ചിട്ട വീട്ടിൽ മോഷണത്തിനെത്തിയ മോഷ്ടാക്കൾ വാതിൽ പൊളിച്ച് അകത്ത് കടന്നെങ്കിലും ഒന്നും തന്നെ നഷ്ടപ്പെട്ടിരുന്നില്ല. സി.സി.ടി.വി ദൃശ്യങ്ങൾ വ്യക്തതയില്ലാത്തതിനാൽ അന്വേഷണവും നിലച്ചു. മൂന്നു പീടികയിലെ പെട്രോൾ പമ്പിലും, മാസങ്ങൾക്ക് മുമ്പ് മൂന്നുപിടിക സെന്ററിലെ ജ്വല്ലറിയിൽ കെട്ടി ചമച്ച മോഷണ ശ്രമവും നടന്നിരുന്നു. ഇവിടങ്ങളിലേയും സി.സി.ടി.വികൾ പ്രവർത്തന രഹിതമായിരുന്നു.
അതേസമയം മതിലകത്തെ വീട്ടിൽ നിന്നും നൂറുപവനിലധികം സ്വർണം നഷ്ടപ്പെട്ടിട്ട് വർഷം പിന്നിട്ടു. ഈ കേസിൽ ഇനിയും പ്രതികളെ പിടികൂടാൻ പൊലീസിനായിട്ടില്ല. മതിലകം പൊലീസ് സ്റ്റേഷൻ പരിധിയിലായിരുന്നു അടച്ചിട്ട വീടിന്റെ പിൻവാതിൽ തകർത്ത് മോഷണം നടന്നത്. പ്രത്യേക സംഘം രൂപീകരിച്ച് ഇതര സംസ്ഥാനതൊഴിലാളികളെയും നാടോടികളെയു മടക്കം നിരവധി പേരെ ചോദ്യം ചെയ്‌തെങ്കിലും പ്രതികളെ പിടികൂടാൻ പൊലീസിനായില്ല. ദേശീയ പാതയിലെ പല സെന്ററുകളിലും വീടുകളിലും, സ്ഥാപനങ്ങളിലും സി.സി.ടി.വികൾ സ്ഥാപിച്ചിട്ടുണ്ടെങ്കിലും മിക്കതും അറ്റകുറ്റപണികൾ ചെയ്യാത്തതിനാൽ കണ്ണടച്ചിരിക്കുകയാണ്.
ദേശീയ പാതയിലെ മിക്ക സെന്ററുകളിലും മതിലകം സ്റ്റേഷൻ പരിസരത്തും സി.സി.ടി.വികൾ സ്ഥാപിച്ചിരുന്നു. എന്നാൽ മോഷണങ്ങളോ മറ്റെന്തെങ്കിലും സംഭവിക്കുമ്പോഴോ മാത്രമാണ് ഇത് പ്രവർത്തിക്കുന്നുണ്ടോ എന്ന് ബന്ധപെട്ടവർ അന്വേഷിക്കുന്നത്.
..............................
ബാങ്കുകൾ, പ്രധാന പെട്ട സർക്കാർ ഓഫീസുകൾ, വ്യാപാര സ്ഥാപനങ്ങൾ, വീടുകൾ, ദേവാലയങ്ങൾ എന്നിവിടങ്ങളിൽ സി.സി.ടി.വികൾ സ്ഥാപിക്കണമെന്ന് പലപ്പോഴും പൊലീസ് നിർദ്ദേശങ്ങൾ നൽകിയിരുന്നു
- കെ.എസ്.സുബിന്ത് (കയ്പമംഗലം എസ്.എച്ച്.ഒ)