പെരിങ്ങോട്ടുകര: മൂന്ന് പഞ്ചായത്തുകളിലേക്കുള്ള കുടിവെള്ളം മുട്ടിച്ചും ഏക്കറുകണക്കിന് കോൾനിലങ്ങളിലെ കൃഷിയെ പ്രതിസന്ധിയിലാക്കിയും മുനയം ബണ്ടിലൂടെ ഉപ്പുവെള്ളം കയറി. ഇതോടെ പ്രധാന കുടിവെള്ള സ്രോതസ്സായ കരുവന്നൂർ പുഴയിലെ ചിറയ്ക്കൽ കോലോത്തുംകടവ് പമ്പ് സ്റ്റേഷനിൽ നിന്നുള്ള പമ്പിംഗ് നിറുത്തി. തീരദേശമേഖലകളിലും കോൾമേഖലകളിലും രൂക്ഷമായ കുടിവെള്ളക്ഷാമം നേരിടുന്ന സമയത്താണ് അധികൃതരുടെ അലംഭാവം മൂലം കടുത്ത പ്രതിസന്ധിയുണ്ടായിരിക്കുന്നത്.

മണിക്കൂറിൽ ലക്ഷക്കണക്കിന് ലിറ്റർ വെള്ളമാണ് കോലോത്തുംകടവിൽ നിന്ന് പമ്പ് ചെയ്തിരുന്നത്. രൂക്ഷമായ കുടിവെള്ളക്ഷാമമാണ് ഇതുമൂലം താന്ന്യം, അന്തിക്കാട്, ചാഴൂർ പഞ്ചായത്തുകളിലുണ്ടാകുക. കരുവന്നൂർ പുഴയിലെ നന്ദി കൊറ്റംകോട് ഷട്ടർ അടച്ചതുമൂലം മറ്റൊരു പമ്പിംഗ് സ്റ്റേഷനായ ഇല്ലിക്കലിലേക്ക് ഉപ്പുകയറിയിട്ടില്ല. കരുവന്നൂർ പുഴയിലൂടെ വേലിയേറ്റത്തിലൂടെ വരുന്ന ഉപ്പുവെള്ളത്തെ തടഞ്ഞുനിറുത്തി കോൾകൃഷിയെ സംരക്ഷിക്കുന്നതിലും മുനയം ബണ്ടിന് വലിയ പ്രാധാന്യമുണ്ട്.
എല്ലാവർഷവും നവംബർ മദ്ധ്യവാരത്തോടെ മുനയത്ത് താത്കാലിക ബണ്ട് പണി തീർക്കാറുള്ളതാണ്. ഇത്തവണത്തെ ബണ്ട് നിർമ്മാണം തുടക്കം മുതലേ പാളിയിരുന്നു. തീർത്തും അശാസ്ത്രീയമായ രീതിയിലാണ് പണികൾ തുടങ്ങിയതെന്നാണ് സമീപവാസികൾ പറയുന്നത്. ഇതുമൂലം ആദ്യഘട്ടത്തിൽ ബണ്ടിൽ നിറച്ച മണ്ണ് മുഴുവൻ ഒലിച്ചുപോയിരുന്നു. ഇഴഞ്ഞു നീങ്ങികൊണ്ടിരുന്ന ബണ്ട് നിർമ്മാണം വേഗത്തിലാക്കണമെന്ന് നാട്ടുകാർ പലതവണ ആവശ്യപ്പെട്ടിരുന്നു. കരാറുകാരും ഉദ്യോഗസ്ഥരും ഇത് അവഗണിച്ചതാണ് ദുരന്തത്തിന് വഴി വെച്ചത്. മുനയം താത്കാലിക ബണ്ടിനോട് ചേർന്ന് 24 കോടി രൂപ ചെലവിൽ സ്ഥിരം റെഗുലേറ്റർ കം ബ്രിഡ്ജിന്റെ നിർമ്മാണം നടക്കുന്നുണ്ട്. ഈ പ്രവൃത്തിയുടെ അനുബന്ധമായാണ് ഇത്തവണ ബണ്ട് നിർമ്മാണം നടക്കുന്നത്.

....................................

ബണ്ട് നിർമ്മാണത്തിൽ അഴിമതി?​

ഓരോ വർഷവും മുനയം ബണ്ട് നിർമ്മാണവുമായി ബന്ധപ്പെട്ട് അഴിമതി ആരോപണങ്ങൾ ഉയർന്നുവരാറുണ്ട്. 25 ലക്ഷം മുടക്കി നിർമ്മിച്ചിരുന്ന ബണ്ടിൽ വൻ തിരിമറി നടക്കുന്നുവെന്നാണ് ആക്ഷേപം. ഇതു സംബന്ധിച്ച് നിരവധി വിജിലൻസ് കേസുകളും നിലവിലുണ്ട്. കരാറുകാരുടെയും ഉദ്യോഗസ്ഥരുടെയും അനാസ്ഥ മൂലം ബണ്ട് നിർമ്മാണം സമയത്തിന് നടക്കാത്തതിനെതിരെയും യഥാസമയം തുറക്കാത്തതിനെതിരെയും എല്ലാ വർഷവും പ്രതിഷേധങ്ങൾ ഉയരാറുണ്ടിവിടെ. താത്കാലിക തടയണക്ക് ബദലായി സ്ഥിരം റെഗുലേറ്റർ എന്ന ആവശ്യവും വർഷങ്ങളായി നിലനിന്നിരുന്നതാണ്. സ്ഥിരം റഗുലേറ്റർ നിർമ്മാണത്തിന്റെ ഭാഗമായി താത്കാലിക ബണ്ട് കെട്ടാൻ വൈകിയതാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണം. കനോലി കനാലിൽ നിന്ന് കൃഷിയിടങ്ങളിലേക്ക് ഉപ്പുവെള്ളം കയറാതിരിക്കാനുള്ള കണ്ണൻചിറ ചീപ്പ് സമയത്തിന് അടക്കാത്തതുമൂലം താന്ന്യം പഞ്ചായത്തിലെ പെരിങ്ങോട്ടുകര പാടശേഖരത്തിലെ ഏക്കറുകണക്കിന് നെൽകൃഷിയും പ്രതിസന്ധിയിലാണ്.

കരാറുകാരുടേയും മേൽനോട്ടം വഹിച്ച ഉദ്യോഗസ്ഥരുടേയും അനാസ്ഥയാണ് ഉപ്പുവെള്ളം കയറാൻ കാരണമായത്. ഇവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണം

- ടി.വി ദിപു (എ.ഐ.വൈ.എഫ് ജില്ലാ കമ്മിറ്റിയംഗം)​