തൃശൂർ: കൊവിഡ് വാക്സിൻ ആദ്യഘട്ട വിതരണം ചെയ്യുന്നത് 25,000 പേർക്ക്. ആരോഗ്യ മേഖലയിൽ പ്രവർത്തിക്കുന്നവർക്കാണ് ജില്ലയിലും മുൻഗണന. ഇത് സംബന്ധിച്ച് ആർക്കൊക്കെ ആദ്യം നൽകണമെന്നതിന്റെ റിപ്പോർട്ട് ജില്ലാ ആരോഗ്യ വിഭാഗം ബന്ധപ്പെട്ടവർക്ക് കൈമാറി.
വിവിധ മേഖലകളിലെ ആരോഗ്യ പ്രവർത്തകരും ലാബ് ജീവനക്കാരും അടക്കം ജില്ലയിൽ ഇതുവരെ 25,000 വാക്സിനായി ഓൺലൈൻ രജിസ്ട്രേഷൻ നടത്തി.
നിലവിൽ ഇതിനോടകം മുക്കാൽ ലക്ഷത്തിലധികം പേർക്ക് ജില്ലയിൽ രോഗം സ്ഥിരീകരിച്ചിരുന്നു. ദിവസവും ഭൂരിഭാഗം ദിവസങ്ങളിലും 250 ൽ ഏറെ പൊസിറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്. ചില ദിവസങ്ങളിൽ 750 പേർ വരെയെത്തുന്നുണ്ട്. ഇതിനിടയിൽ പ്രതീക്ഷ അർപ്പിച്ചാണ് കൊവിഡ് വാക്സിനെത്തുന്നത്.
മുൻഗണനയിൽ ഉൾപ്പെടുന്നവർ
അലോപ്പതി, ഹോമിയോ, ആയുർവേദം, സിദ്ധ, യൂനാനി, അക്യൂപങ്ചർ അടക്കം വിവിധ ചികിത്സാ മേഖലയിലെ ഡോക്ടർമാരും നഴ്സുമാരും ഇതര ജീവനക്കാരും ആശാ വർക്കർമാരും അടക്കം ആരോഗ്യ മേഖലയിൽ ജോലി ചെയ്യുന്നവർക്കാണ് ആദ്യഘട്ടത്തിൽ വാക്സിൻ നൽകുന്നത്. സ്വകാര്യ സ്ഥാപനങ്ങൾ എന്ന വേർതിരിവില്ലാതെ മുഴുവൻ ആരോഗ്യ പ്രവർത്തകർക്കും ആദ്യഘട്ടത്തിൽ വാക്സിൻ നൽകും.
ഇതിന് പുറമേ തദ്ദേശ സ്ഥാപനങ്ങളിൽ അടക്കം രജിസ്റ്റർ ചെയ്തിട്ടുള്ള ലബോറട്ടറി ജീവനക്കാർക്കും നൽകും. ഇതിനായി കേന്ദ്ര ആരോഗ്യ വകുപ്പിന്റെ കീഴിൽ രജിസ്ട്രേഷന് പ്രത്യേക വെബ്സൈറ്റുണ്ട്. ഗൂഗിൾ ഡ്രൈവ് വഴി ജില്ലാ, സംസ്ഥാന ആരോഗ്യ വകുപ്പ് അറിയുന്ന തരത്തിലാണിത് സജ്ജമാക്കിയത്.
ഓൺലൈൻ രജിസ്ട്രേഷൻ
അതിനിടെ രണ്ട് ദിവസങ്ങൾക്ക് മുമ്പ് ഓൺലൈൻ രജിസ്ട്രേഷൻ അവസാനിപ്പിക്കുമെന്ന് അറിയിച്ചെങ്കിലും രജിസ്ട്രേഷൻ അവസാന ഘട്ടത്തിലാണ്. ഓൺലൈൻ രജിസ്ട്രേഷൻ നടത്തിയവർക്ക് അവർ നൽകിയ മൊബൈൽ നമ്പറിൽ വാക്സിൻ വിതരണം അടക്കം കാര്യങ്ങൾ അറിയിക്കും. ഇത് അനുസരിച്ചാകും കൊവിഡ് പെരുമാറ്റച്ചട്ടം പാലിച്ചുള്ള വാക്സിൻ വിതരണം നടക്കുക. ആദ്യഘട്ടത്തിന് പൂർണമായി സജ്ജമായതായി ജില്ലാ ആരോഗ്യ വകുപ്പ് അധികൃതർ വ്യക്തമാക്കി
പരിശീലനം തുടങ്ങി
വാക്സിൻ വിതരണം ചെയ്യുന്നവർക്കുള്ള പരിശീലനം ആരംഭിച്ചു. സൂമിലാണ് പരിശീലനം നൽകുന്നത്. ഇപ്പോഴും തുടർന്ന് കൊണ്ടിരിക്കുകയാണ്.
വാക്സിൻ വിതരണത്തിന്റെ എല്ലാ ക്രമീകരണവും ഊർജ്ജിതമായി നടന്നു വരികയാണ്. ആഴ്ചകൾക്ക് മുമ്പ് തന്നെ ഇതുമായി ബന്ധപ്പെട്ട പ്രവർത്തനം ആരംഭിച്ചു
കെ. ജെ. റീന
ഡി. എം. ഒ തൃശൂർ